പ്രിയാൻഷ് ആര്യ courtesy' BCCI
CRICKET

ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി പ്രിയാൻഷ് ആര്യ; ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ

68 പന്തിൽ 181 റൺസ് അടിച്ചുകൂട്ടിയ ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്റർ, ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കി. 2026 ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിനായി കെ.എൽ. രാഹുൽ നേടിയ 152 റൺസിന്റെ റെക്കോർഡാണ് പ്രിയാൻഷ് മറികടന്നത്.

Author : ന്യൂസ് ഡെസ്ക്

ഇൻഡോർ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്‌നാടിനെതിരെ ചരിത്രനേട്ടം കുറിച്ച് ഡൽഹി താരം പ്രിയാൻഷ് ആര്യ. 68 പന്തിൽ 181 റൺസ് അടിച്ചുകൂട്ടിയ ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്റർ, ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കി. 2026 ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിനായി കെ.എൽ. രാഹുൽ നേടിയ 152 റൺസിന്റെ റെക്കോർഡാണ് പ്രിയാൻഷ് മറികടന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉയർന്ന സ്കോർ (തിലക് വർമ്മയുടെ 151), ഇന്ത്യൻ മണ്ണിലെ ഉയർന്ന ടി20 സ്കോർ, ഒരു ക്യാപ്റ്റൻ നേടുന്ന ഉയർന്ന സ്കോർ എന്നീ റെക്കോർഡുകളും ഈ 25-കാരൻ പഴങ്കഥയാക്കി.

ഏഴ് ബൗണ്ടറികളും 19 സിക്സറുകളും അടങ്ങുന്നതായിരുന്നു പ്രിയാൻഷിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ഇതോടെ ഒരു ടി20 ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ന്യൂസിലൻഡിന്റെ ഫിൻ അലന്റെ (19 സിക്സറുകൾ) ലോകറെക്കോർഡിനൊപ്പമെത്താനും പ്രിയാൻഷിനായി. കൂടാതെ, പുരുഷ ടി20 ക്രിക്കറ്റിൽ ബൗണ്ടറികളിലൂടെ മാത്രം 150-ലധികം റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റർ എന്ന നേട്ടവും താരം സ്വന്തമാക്കി. പ്രിയാൻഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 275 റൺസെന്ന കൂറ്റൻ സ്കോറാണ് ഡൽഹി പടുത്തുയർത്തിയത്.

ദക്ഷിണാഫ്രിക്കയുടെ ലുവാൻ ഡ്രെ പ്രിട്ടോറിയസ് പുറത്താകാതെ നേടിയ 188 റൺസാണ് ലോക ടി20 ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോർ. 19-ാം ഓവറിൽ എം. സിദ്ധാർത്ഥിന്റെ പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ച് പുറത്തായതോടെയാണ് പ്രിയാൻഷിന് ഈ ലോകറെക്കോർഡ് തിരുത്താനായില്ല. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ് താരമായ പ്രിയാൻഷ്, സയ്യിദ് മുഷ്താഖ് അലി ട്രോഫി മുൻ മത്സരങ്ങളിൽ ജമ്മു കശ്മീരിനെതിരെയും (58), പഞ്ചാബിനെതിരെയും (55) അർദ്ധസെഞ്ച്വറികൾ നേടി മികച്ച ഫോമിലാണ്.

SCROLL FOR NEXT