CRICKET

IPL 2026 | ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം പരാജയം, വീണ്ടും നിരാശനാക്കി സഞ്ജു; അർധ സെഞ്ച്വറി നേടി ശ്രേയസ് അയ്യർ

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ്. എട്ട് ബോളുകള്‍ ബാക്കി നില്‍ക്കെയാണ് 210 എന്ന വിജയലക്ഷ്യം പഞ്ചാബ് കിംഗ്‌സ് മറികടന്നത്. അതേസമയം ചെന്നൈക്ക് വേണ്ടി ഇറങ്ങിയ സഞ്ജു സാംസണ്‍ ഇന്നത്തെ മാച്ചിലും നിരാശപ്പെടുത്തി. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മാച്ചില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി സഞ്ജു സാംസണും റിതുരാജ് ഗെയ്ക്വാദുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. പ്രതീക്ഷയോടെ ഇറങ്ങിയ സഞ്ജു ഏഴ് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. റിതുരാജ് 22 പന്തില്‍ 2 ഫോറുകള്‍ അടക്കം 28 റണ്‍സ് നേടിയാണ് പുറത്താകുന്നത്. ആയുഷ് മെഹ്‌തെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളി മെച്ചപ്പെടുത്താന്‍ സഹായിച്ചത്. 43 പന്തില്‍ 73 റണ്‍സ് ആണ് ആയുഷ് നേടിയത്. ആറ് ഫോറുകളും അഞ്ച് സിക്‌സുകളും നേടി.

ശിവം ദുബേ 27 പന്തില്‍ 45 റണ്‍സ് നേടി. പുറത്താകാതെ നിന്നു. കാര്‍ത്തിക് ശര്‍മ പക്ഷെ മൂന്ന്‌ബോളില്‍ ഒരു റണ്‍ മാത്രമാണ് നേടിയത്. 12 ബോളില്‍ 32 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ നേടിയത്. എന്നാല്‍ അവസാനം ഇറങ്ങിയ പ്രശാന്ത് വീര്‍ ഏഴ് പന്തില്‍ വെറും ആറ് ണ്‍സ് ആണ് നേടിയത്. 20 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 209 റണ്‍സ് ആണ് ചെന്നൈ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബില്‍ പ്രിയാംശ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. പ്രിയാംശ് 11 ബോളില്‍ 39 റണ്‍സ് നേടിയപ്പോള്‍ പ്രഭ്‌സിമ്രന്‍ 34 പന്തില്‍ 43 റണ്‍സ് നേടി.

കൂപ്പര്‍ കൊണോളി 22 പന്തില്‍ 36 റണ്‍സ് നേടി. 29 പന്തില്‍ ശ്രേയസ് അയ്യര്‍ അർധ സെഞ്ച്വറി നേടി. നേഹാല്‍ വധേര 9 പന്തില്‍ 10 റണ്‍സ് നേടി. ശ്രേയസ് മൂന്ന് സിക്‌സുകളും നാല് ഫോറുകളുമാണ് നേടിയത്.

SCROLL FOR NEXT