സ്പിന്നറായി കരിയര്‍ ആരംഭിച്ച രവീന്ദ്ര ജഡേജ മികച്ച ഒരു ആള്‍ റൗണ്ടറായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇന്നിപ്പോള്‍ വിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ജഡേജ.
ഇന്ത്യന്‍ ടീമിനൊപ്പം നിരവധി ലോകകിരീട നേട്ടങ്ങളില്‍ പങ്കാളിയായ ജഡേജ. കരിയറിലെ 85 -മത് ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി സ്വന്തം പേരിനോപ്പം എഴുതി ചേര്‍ക്കുകയാണ്.
ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമനായിരിക്കുകയാണ് ജഡേജ. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയെയാണ് ജഡേജ മറികടന്നത്. വിന്‍ഡീസിനെതിരെ അഞ്ച് സിക്സര്‍ നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ജഡേജയുടെ ആകെ സിക്സറിന്റെ എണ്ണം 80 ആയി. 78 സിക്‌സറുകളാണ് ധോണി നേടിയിരുന്നത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്താണ് മുന്നില്‍. കൂടെ അത്ര തന്നെ സിക്‌സറുകളുമായി മുന്‍ വെടിക്കെട്ട് ബാറ്റര്‍ വീരേന്ദര്‍ സെവാഗുമുണ്ട്. ഇരുവരും 90 സിക്‌സറുകളാണ് നേടിയിട്ടുള്ളത്. മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്, 88 സിക്‌സറുകള്‍ ഈ ഫോര്‍മാറ്റില്‍ രോഹിത് നേടിയിട്ടുള്ളത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെ ആക്രമണോത്സുക ബാറ്റിങ് തന്നെയാണ് കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് പന്തിനെ ഈ നേട്ടങ്ങളിലെത്തിച്ചത്. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലും ഒരേ അടി അത് മാത്രമാണ് വീരു സ്‌റ്റൈല്‍ ബാറ്റിങ്. അതിപ്പോ 90 കളില്‍ നില്‍ക്കുമ്പോളും വീരേന്ദര്‍ സെവാഗ് അതേ ശൈലിയാണ്. സെവാഗിന് ശേഷം ആ ശൈലി പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റില്‍ പിന്തുടര്‍ന്നത് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്.
നേട്ടം ജഡേജയിലേക്ക് എത്തുമ്പോഴുള്ള പ്രധാന വ്യത്യാസം അദ്ദേഹം ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററല്ലയെന്നതാണ്. ലഭിച്ച അവസരങ്ങളെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ജഡേജ വിശ്വസ്തനായ ഒരു ബാറ്റിങ് ഓള്‍ റൗണ്ടര്‍ ആവുന്നതും ഇങ്ങനെയാണ്.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ അഹമ്മദാബാദ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെ 104(176)* കരുത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 448/5 (128) എന്ന ശക്തമായനിലയിലാണ്. 286 റണ്‍സാണ് ഇന്ത്യക്ക് ലീഡ്. 9 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറും ജഡേജയുമാണ് ക്രീസില്‍. കെ.എല്‍ രാഹുലും 100(197) ധ്രുവ് ജുറലും 125(210) സെഞ്ചുറി നേടി.