ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ലഖ്‌നൗ ഉയര്‍ത്തിയ 228 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ 18.4 ഓവര്‍ പിന്നിട്ടപ്പോള്‍ ആര്‍സിബി മറികടന്നു. 230 റണ്‍സ് നേടിയാണ് 'റോയല്‍' വിജയം. ഇതോടെ ആർസിബി ക്വാളിഫയർ 1 യോഗ്യത നേടി.
ആര്‍സിബിയുടെ ഓപ്പണര്‍മാരായി ഫില്‍ സാള്‍ട്ടും വിരാട് കോഹ്‌ലിയുമാണ് ഇറങ്ങിയത്. സാള്‍ട്ട് 19 ബോളില്‍ 30 റണ്‍സ് എടുത്തപ്പോള്‍ കോഹ്ലി 30 ബോളില്‍ 54 റണ്‍സ് എടുത്തു. മികച്ച തുടക്കമായിരുന്നെങ്കിലും പിന്നീട് ക്രീസില്‍ ഇറങ്ങിയ രജത് പട്ടീദാര്‍ 14 റണ്‍സ് എടുത്ത് പുറത്തായി. ലയാം ലിവിങ്സ്റ്റണിന് ഒരു റണ്ണും നേടാനായില്ല. മായങ്കിലൂടെ വീണ്ടും മുന്നോട്ട് വന്ന ആര്‍സിബിക്ക് ജിതേഷ് ശര്‍മയും കൂട്ടായി.
മായങ്ക് 23 ബോളില്‍ 41 റണ്‍സ് നേടി പുറത്താവാതെ നിന്നപ്പോള്‍ ജിതേഷ് ശര്‍മ 33 പന്തില്‍ 85 റണ്‍സ് നേടി പുറത്താവാതെ നിന്നു. വിരാട് കോഹ്ലിയും ജിതേഷ് ശര്‍മയും നേടിയ ഹാഫ് സെഞ്ചുറികള്‍ കളിക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു.
പ്ലേ ഓഫ് നഷ്ടമായ ലഖ്‌നൗവിന്റെ അവസാനത്തെ മാച്ചായിരുന്നു ഇന്നത്തേത്. എന്നാല്‍ ഈ സീസണില്‍ മികച്ച നേട്ടം കൈവരിക്കാനാകാതെ പോയ പന്തിന് അവസാനത്തെ മാച്ച് നല്‍കിയത് സുവര്‍ണാവസരമായിരുന്നു. മത്സരം വിജയിക്കാനായില്ലെങ്കിലും ലഖ്‌നൗവിന്റെ 227 എന്ന കൂറ്റന്‍ റണ്‍സ് നേടാന്‍ സഹായിച്ചത് പന്തിന്റെ സെഞ്ചുറിയാണ്. 118 റണ്‍സ് ആണ് പന്ത് നേടിയത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ മിച്ചല്‍ മാര്‍ഷല്‍ 37 പന്തില്‍ 67 റണ്‍സ് എടുത്തു. മാത്യൂ ബ്രീറ്റ്‌സ്‌കെ 14 റണ്‍സും നിക്കോളാസ് പൂരന്‍ 13 റണ്‍സും മാത്രമാണ് എടുത്തത്. അവസാന പന്തില്‍ ഇറങ്ങിയ അബ്ദുള്‍ സമദ് ഒരു റണ്‍ നേടി.