2025 ഐപിഎൽ ഫൈനലിന് മുന്നോടിയായി ആർസിബി ആരാധകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി പരിശീലനത്തിനിറങ്ങി ഓപ്പണർ ഫിൽ സോൾട്ട്. ഇന്നലെ ഇംഗ്ലീഷ് താരം പരിശീലനത്തിന് ഇറങ്ങാത്തതിനെ തുടർന്ന് താരം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെന്ന തരത്തിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റൂമറുകളിൽ വസ്തുതകളില്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.
ചൊവ്വാഴ്ച രാവിലെ തന്നെ ഫിൽ സോൾട്ട് ആർസിബി ടീമിനൊപ്പം ചേർന്നുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. മികച്ച ഫോമിലുള്ള സോൾട്ട് ഇന്ന് വിരാട് കോഹ്‌ലിക്കൊപ്പം ആർസിബിയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യാനുണ്ടാകുമെന്ന് തന്നെയാണ് ഇഎസ്പിഎൻ ക്രിക് ഇൻഫോയും റിപ്പോർട്ട് ചെയ്യുന്നത്.
2025 സീസണിൽ ആർസിബിക്കായി 12 മത്സരങ്ങളിൽ നിന്ന് 175.90 സ്ട്രൈക്ക് റേറ്റിലും 35.18 ശരാശരിയിലും സോൾട്ട് 387 റൺസ് നേടിയിട്ടുണ്ട്. ഫൈനലിൽ ആർസിബിയുടെ ഗെയിം പ്ലാനിൽ ഈ ഇംഗ്ലീഷ് ഓപ്പണർക്ക് നിർണായക പങ്കാണുള്ളത്.