ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം. ഫൈനലിൽ ആർസിബിയും പഞ്ചാബ് കിംഗ്‌സും ഏറ്റുമുട്ടും. ആദ്യകിരീടം ലക്ഷ്യമിട്ടാണ് രണ്ട് ടീമുകളും ഇറങ്ങുന്നത്. 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ മുന്നണിപ്പോരാളി വിരാട് കോഹ്‌ലി. പഞ്ചാബ് കിംഗ്‌സിന് സ്വപ്നകിരീടം സമ്മാനിക്കാൻ ശ്രേയസ് അയ്യർ. കരുത്തർ പലരും പൊരുതിവീണ പതിനെട്ടാം അങ്കത്തിൻ്റെ കളത്തിൽ അവസാന പോരാട്ടം സീസണിൽ ടീമുകളെ ഉടച്ചുവാർത്തെത്തിയ രണ്ട് സംഘങ്ങൾ തമ്മിലാണ്. ഇത്തവണ വിജയം ആര് നേടിയാലും ചരിത്രം പിറക്കും.
അക്ഷരാർത്ഥത്തിൽ തുല്യശക്തികളാണ് പഞ്ചാബും ആർസിബിയും. ആകെ ഏറ്റുമുട്ടിയത് 36 മത്സരങ്ങളിൽ. 18 മത്സരത്തിൽ ആർസിബിയും 18 മത്സരത്തിൽ പഞ്ചാബും ജയിച്ചു. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ആർസിബിയെ ചിന്നസ്വാമിയിൽ തോൽപ്പിച്ച് പഞ്ചാബ് കരുത്തുകാട്ടി. തൊട്ട് പിന്നാലെ പഞ്ചാബിൻ്റെ മൈതാനത്ത് ആർസിബി തിരിച്ചടിച്ചു. സീസണിൽ ഇരുടീമുകളും ക്വാളിഫയറിലെത്തിയത് 9 മത്സരങ്ങളിൽ ജയിച്ച്. തോൽവി നേരിട്ടത് നാല് മത്സരങ്ങളിൽ. ഇരു ടീമിനും തുല്യപോയിൻ്റ്. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്‌സിനെ നിലംപരിശാക്കിയ കരുത്തിലാണ് ആർസിബി ഫൈനലിനൊരുങ്ങുന്നത്. ക്വാളിഫയറിലെ തോൽവിക്ക് കലാശപ്പോരിൽ പഞ്ചാബ് മറുപടി നൽകുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ.
ക്രിക്കറ്റിൽ ഇതിഹാസങ്ങൾ ഏറെയുണ്ട് പക്ഷേ ഐപിഎല്ലിൽ വിരാട് കോഹ്‌ലിയോളം സ്ഥിരത പുലർത്തിയ മറ്റൊരു താരവുമില്ല. ഈ സീസണിലും സൂപ്പർതാരത്തിൻ്റെ റൺവേട്ടയാണ് ആർസിബിക്ക് കരുത്തായത്. 14 മത്സരങ്ങളിൽ നേടിയത് 614 റൺസ്. 55.82 ശരാശരിയിൽ 146.53 സ്ട്രൈക്ക് റേറ്റിലാണ് കോഹ്‌ലിയുടെ പ്രകടനം. എട്ട് അർധ സെഞ്ച്വറി നേടിയ കോഹ്‌ലിയാണ് അർധ സെഞ്ച്വറിയിലും ഏറ്റവും മുന്നിൽ.
ഐപിഎൽ റെക്കോർഡുകളിലും വിരാട് കോഹ്‌ലിയുടെ അടുത്തെങ്ങും മറ്റൊരു താരവുമില്ല. 18 സീസണും ഒരു ടീമിനായി കളിച്ച മറ്റൊരു താരവും ഐപിഎല്ലിൻ്റെ ചരിത്രത്തിലില്ല. ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് നേടിയതാരവും വിരാട് കോഹ്‌ലിയാണ്. 8618 റൺസ്. ഏറ്റവുമധികം സെഞ്ച്വറി കോഹ്‌ലിയുടെ പേരിലാണ്, 8 സെഞ്ച്വറികൾ. കോഹ്‌ലിക്ക് ഒരു കിരീടം എന്ന സ്വപ്നം തന്നെയാണ് ആർസിബി ആരാധകരെ മുന്നോട്ടുനയിച്ചത് ഇത്തവണ അതുണ്ടാകുമെന്ന് ആരാധകർ സ്വപ്നം കാണുന്നു.
മറുവശത്ത് പഞ്ചാബിന് മുന്നിൽ നിന്ന് നയിക്കുന്ന നായകൻ ശ്രേയസ് അയ്യർ തന്നെയാണ് കരുത്ത്. ഏത് പ്രതിസന്ധിയിലും വീഴാത്ത നായകൻ. ഡൽഹിക്ക് ചരിത്രഫൈനൽ സമ്മാനിച്ച കൊൽക്കത്തയ്ക്ക് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ പഞ്ചാബിൻ്റെ സ്വപ്നവും പൂവണിയിക്കുമെന്ന് പ്രതീക്ഷ.
2019ൽ ഡൽഹി നായകനായി ടീമിനെ പ്ലേ ഓഫിലെത്തിക്കുമ്പോൾ ഏഴ് വർഷത്തെ കാത്തിരിപ്പായിരുന്നു ടീമിന്. തൊട്ടടുത്ത വർഷം ഡൽഹിയെ ചരിത്രത്തിലെ ആദ്യഫൈനലിലെത്തിച്ചു ശ്രേയസ്. 2024ൽ കൊൽക്കത്ത ശ്രേയസിന് കീഴിൽ കിരീടം നേടുമ്പോൾ 10 വർഷത്തെ കാത്തിരിപ്പായിരുന്നു ടീമിന്. ഇപ്പോൾ പഞ്ചാബിനാകട്ടെ 11 വർഷത്തെ കാത്തിരിപ്പ്. ആദ്യ കിരീടം സമ്മാനിക്കാൻ ഇനി വേണ്ടത് ഒരേയൊരു ജയം മാത്രം. ഇവിടെയും ശ്രേയസ് ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ആരാധകർ കരുതുന്നു.
ടീം ഒന്നാകെ ഫോമിലുള്ളത് തന്നെയാണ് ആർസിബിയുടെ കരുത്ത്. ഒരു സീസണിൽ 9 വ്യത്യസ്ത താരങ്ങൾ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ അപൂർവതയോടെയാണ് ആർസിബി ഫൈനൽ പോരിന് ഒരുങ്ങുന്നത്. എക്കാലവും ബൗളിംഗിലെ പിഴവുകളാണ് തിരിച്ചടിയായതെങ്കിൽ ഇത്തവണ അതിനും പരിഹാരം കണ്ടു ആർസിബി. ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും നേതൃത്വം നൽകുന്ന പേസ് നിരയും ക്രുനാൽപണ്ഡ്യയും സംഘവും ഒരുക്കുന്ന സ്പിൻ അറ്റാക്കും ടീമിൻ്റെ കരുത്തുയർത്തും. അവസരത്തിനൊത്തുയരുന്ന താരങ്ങളുടെ മികവ് ആർസിബിക്ക് നൽകുന്നത് പുത്തൻ ആവേശമാണ്.
കരുത്തരായ മുംബൈക്കെതിരെ 200ന് മുകളിൽ സ്കോർ ചേസ് ചെയ്ത് വിജയിച്ച ആവേശത്തിലാണ് പഞ്ചാബ് കിംഗ്സ് വരുന്നത്. വാലറ്റം വരെ നീളുന്ന ബാറ്റിംഗ് നിരയും ഓൾറൗണ്ടർമാരുടെ സാന്നിധ്യവും തന്നെയാണ് പഞ്ചാബിൻ്റെ കരുത്ത്. മുംബൈയ്ക്കെതിരെ 200ന് മുകളിൽ സ്കോർ ആദ്യമായി പിന്തുടർന്ന് ജയിച്ച സംഘമാണ് പഞ്ചാബ്. മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സാന്നിധ്യം ആർസിബിക്ക് വെല്ലുവിളി.
ഐപിഎൽ പതിനെട്ടാം അങ്കത്തിന് അവസാനമാകുമ്പോൾ കലാശപ്പോരാട്ടത്തിൽ ആര് നേടും, ആര് വീഴും? എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത് . ആദ്യ കിരീടമണിയാൻ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് പഞ്ചാബും ആർസിബിയും. അഹമ്മദാബാദിലെ സൂപ്പർ പോരാട്ടത്തിൽ ഏത് ടീം ജയിച്ചാലും ഐപിഎൽ കിരീടത്തിന് പുതിയ അവകാശികളാണ്.