അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം X/ Indian Premier League
CRICKET

RCB vs PBKS | IPL 2025 Final | അഹമ്മദാബാദിലെ ഐപിഎൽ ഫൈനലിന് മഴ ഭീഷണി; കാലാവസ്ഥ ആർസിബിയെ ചതിക്കുമോ?

ആര് ജയിച്ചാലും പുതിയ ഐപിഎൽ ജേതാക്കളാകും 2025 സീസണിൽ പിറക്കുകയെന്ന പ്രത്യേകതയുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഐപിഎൽ കലാശപ്പോരിൻ്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ആര് ജയിച്ചാലും പുതിയ ഐപിഎൽ ജേതാക്കളാകും 2025 സീസണിൽ പിറക്കുകയെന്ന പ്രത്യേകതയുണ്ട്. നാലാം ഐപിഎൽ ഫൈനൽ കളിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ താരതമ്യേന യുവനിരയുള്ള പഞ്ചാബ് കിങ്സ് ഏറ്റുമുട്ടുമ്പോൾ ആവേശം ചെറുതൊന്നുമല്ല.

അതേസമയം, ഫൈനലിന് മുന്നോടിയായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാലാവസ്ഥ മത്സരത്തിന് അനുകൂലമല്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അഹമ്മദാബാദിൽ 66 ശതമാനം മഴ്യ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. നിലവിൽ കലാശപ്പോരാട്ട ദിനത്തിൽ 38 ഡിഗ്രി സെൽഷ്യസ് താപനിലയാണ് പ്രവചിക്കുന്നത്. അത്യാവശ്യം ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും ഇന്നുണ്ടാവുകയെന്നും അക്യുവെതറിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അഥവാ രാത്രി 7.30ക്ക് ശേഷം മഴ പെയ്താലും, രണ്ടാം ക്വാളിഫയർ മത്സരത്തിലേതിന് സമാനമായി പരമാവധി രണ്ട് മണിക്കൂർ വൈകിയാലും മത്സരം നടത്താനാകും. അതിലും താമസിച്ചാൽ ഇന്നത്തെ മത്സരം ഉപേക്ഷിച്ച് റിസർവ് ദിനമായ നാളെ നടത്തേണ്ടി വരും. ബുധനാഴ്ചത്തെ റിസർവ് ദിനത്തിലും ഫൈനൽ പോരാട്ടത്തിന് മഴ വില്ലനായാൽ, ലീഗ് സ്റ്റേജിലെ ഉയർന്ന പോയിൻ്റ് നില അനുസരിച്ച് പഞ്ചാബ് കിങ്സ് ജേതാക്കളാകും.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ മികച്ചതാണ്. പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയർ മത്സര ദിനത്തിൽ ഇത് കാണികൾ കണ്ടതാണ്.

SCROLL FOR NEXT