മുംബൈ: വിജയ് ഹസാരെ ട്രോഫിയിലും തകർപ്പൻ ഫോം തുടർന്ന് ഇന്ത്യൻ സീനിയർ താരങ്ങളും രോഹിത്തും കോഹ്‌ലിയും. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച താരങ്ങൾ ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. മാച്ച് ഫിറ്റ്നസ് നേടാനും ഫോം നിലനിർത്താനും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ ഇരുവരോടും ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി നിർദേശിച്ചിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച ഫോമിലായിരുന്നു ഇരുവരും. അതേ ഫോം ലിസ്റ്റ് എ ക്രിക്കറ്റിലും തുടരുന്നതാണ് കാണാനായത്. ഡൽഹിക്കായി കളിക്കാനിറങ്ങിയ വിരാട് കോഹ്ലിയും മുംബൈയ്ക്കായി കളിക്കാനിറങ്ങിയ രോഹിത്തും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറികളുമായി തിളങ്ങി.
സിക്കിമിനെതിരായ മത്സരത്തിൽ 94 പന്തിൽ നിന്ന് 155 റൺസെടുത്ത രോഹിത്ത് ശർമ തകർപ്പൻ ഫോമാണ് പുറത്തെടുത്തത്. 9 സിക്സറുകളും 18 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിൻ്റെ മാസ്റ്റർ ക്ലാസ് ഇന്നിങ്സ്. 164.8 സ്ട്രൈക്ക് റേറ്റിലാണ് മുംബൈ ഓപ്പണർ തകർത്തടിച്ചത്.
അതേസമയം, ആന്ധ്രാപ്രദേശിനെതിരെ 101 പന്തുകളിൽ നിന്ന് 131 റൺസെടുത്ത വിരാട് കോഹ്ലിയും ഡൽഹിക്കായി തിളങ്ങി.83 പന്തുകളിൽ നിന്നാണ് വിരാട് സെഞ്ച്വറി തികച്ചത്. ലിസ്റ്റ് എ കരിയറിലെ 58ാമത്തെ ശതകമാണ് കോഹ്ലി ഇന്ന് സ്വന്തമാക്കിയത്. ലിസ്റ്റ് എ കരിയറിൽ 16,000 റൺസെന്ന നാഴികക്കല്ലും കോഹ്ലി ഇന്ന് മറികടന്നിരുന്നു.
അതേസമയം, വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് നിരവധി താരങ്ങളാണ് സെഞ്ച്വറി നേടിയത്. അതേസമയം, സൗരാഷ്ട്രയ്ക്കെതിരെ സ്വാസ്തിക് സമൽ ഇരട്ട സെഞ്ച്വറിയും നേടി. 169 പന്തുകൾ നേരിട്ട താരം 21 ഫോറുകളുടെയും എട്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് 212 റൺസെടുത്തത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ടാമതാണ് ഇരട്ട സെഞ്ച്വറി പിറക്കുന്നത്. ടൂർണമെൻ്റിലെ ഏറ്റവുമുയർന്ന നാലാമത്തെ സ്കോറാണിത്. മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ കേരളത്തിന് 2019ൽ ഗോവയ്ക്കെതിരെ 129 പന്തിൽ നിന്ന് നേടിയ 212 റൺസിനൊപ്പമാണ് സ്വാസ്തിക് സമൽ നിൽക്കുന്നത്.
തമിഴ്‌നാടിൻ്റെ നാരായൺ ജഗദീശൻ - അരുണാചൽ പ്രദേശിനെതിരെ 277 (2022)
മുംബൈയുടെ പൃഥ്വി ഷാ - പുതുച്ചേരിക്കെതിരെ 227 നോട്ടൗട്ട് (2021)
മഹാരാഷ്ട്രയുടെ റുതുരാജ് ഗെയ്‌ക്‌വാദ് - ഉത്തർ പ്രദേശിനെതിരെ പുറത്താകാതെ 220 (2022)
കേരളത്തിന്റെ സഞ്ജു സാംസൺ - ഗോവയ്‌ക്കെതിരെ 212 നോട്ടൗട്ട് (2019)
ഒഡീഷയുടെ സ്വസ്‌തിക സമാൽ – സൗരാഷ്ട്രയ്‌ക്കെതിരെ 212 (2025)*
മുംബൈയുടെ യശസ്വി ജയ്‌സ്വാൾ - ജാർഖണ്ഡിനെതിരെ 203 (2019)
ഉത്തരാഖണ്ഡിൻ്റെ കർൺ കൗശൽ - 2022 സിക്കിമിനെതിരെ (2018)
സൗരാഷ്ട്രയുടെ സമർഥ് വ്യാസ് - മണിപ്പൂരിനെതിരെ 200 (2022)