രോഹിത്തും കോഹ്‌ലിയും 2027 ഏകദിന ലോകകപ്പിൽ ഉണ്ടായേക്കില്ലെന്നും ഇരുവരും ഉടൻ വിരമിക്കുമെന്നും റിപ്പോർട്ട്. ഇംഗ്ലണ്ടിലേക്കുള്ള ഏകദിന പരമ്പരയിൽ സെലക്ടർമാർ ഇരുവർക്കും അവസരം നിഷേധിച്ചതിൽ ഇതിഹാസ താരങ്ങൾ നിരാശരാണെന്ന് ദേശീയ മാധ്യമമായ ദൈനിക് ജാഗരണാണ് റിപ്പോർട്ട് ചെയ്തത്.
2027 ഏകദിന ലോകകപ്പിന് ഇരുവരും തയ്യാറെടുക്കുകയാണ് എന്ന തരത്തിലാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. വിരാട് കോഹ്‌ലി അടുത്തിടെ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സെലക്ടർമാരുടേയും പരിശീലകൻ ഗൗതം ഗംഭീറിൻ്റേയും ദീർഘകാല പദ്ധതികളിൽ രണ്ട് സീനിയർ താരങ്ങൾക്കും പങ്കൊന്നുമില്ലെന്നാണ് റിപ്പോർട്ട്.
ദൈനിക് ജാഗരണിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിൽ വിരാടിനോ രോഹിത്തിനോ ഇടം ഉറപ്പില്ല. ടി20യും ടെസ്റ്റും കളിക്കാൻ ഇരുവരും ഇല്ലാത്തതിനാൽ വരും വർഷങ്ങളിലെ മത്സര സമയവും പരിമിതമാകും. അതിനാൽ, ഈ സാഹചര്യം സെലക്ഷൻ കമ്മിറ്റിയുടെയും ബിസിസിഐയിലെ ഉന്നത മേധാവികളുടെയും മനസ്സിൽ വലിയ സംശയം ജനിപ്പിക്കുന്നുണ്ട്. ഏകദിന ലോകകപ്പിൽ ഇടം നേടണമെങ്കിൽ കോഹ്‌ലിയും രോഹിതും ഈ വർഷം ഡിസംബറിൽ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി കളിക്കേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്. അതല്ലാതെ അവർക്ക് മുന്നിൽ വാതിലുകൾ തുറക്കാൻ സാധ്യതയില്ല.
"2027ലെ ഏകദിന ലോകകപ്പിനുള്ള ഞങ്ങളുടെ പദ്ധതികളിൽ കോഹ്‌ലിയും രോഹിത് ശർമയും ഉൾപ്പെടുന്നില്ല," എന്ന് ടീം മാനേജ്‌മെൻ്റിലെ ഒരു വൃത്തത്തെ ഉദ്ധരിച്ചാണ് ദൈനിക് ജാഗരണിൻ്റെ റിപ്പോർട്ട് പറയുന്നു. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാകാൻ ഇരുവരും ആഗ്രഹിച്ചിരുന്നുവെങ്കിലും അവരെ തിരഞ്ഞെടുക്കാൻ സാധ്യതയില്ലെന്ന് സെലക്ടർമാർ അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാൻ അവർ തീരുമാനിച്ചെന്നും ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു.
ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന മത്സരം. ഈ പരമ്പരയോടെ ഇരുവരുടെയും അന്താരാഷ്ട്ര കരിയറിൽ തിരശ്ശീല വീഴുമെന്നാണ് റിപ്പോർട്ട്. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ഈ തിരിച്ചുവരവ് ഈ ഘട്ടത്തിൽ അസാധ്യമാണ്.
അതേസമയം, ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും ബിസിസിഐയോ സെലക്ടർമാരോ നടത്തിയിട്ടില്ല. ഇരു സീനിയർ താരങ്ങളും ഈ വാർത്തയോട് പ്രതികരിച്ചിട്ടുമില്ല.