സെഞ്ച്വറി ആഘോഷിക്കുന്ന ജോ റൂട്ട് Source: X/ ICC
CRICKET

ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ റൂട്ട് രണ്ടാമൻ; മുന്നിലുള്ളത് സച്ചിന്‍ മാത്രം, മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിന് ലീഡ്

13,380* റണ്‍സാണ് ജോ റൂട്ട് ടെസ്റ്റ് കരിയറില്‍ നേടിയത്

Author : ന്യൂസ് ഡെസ്ക്

പുരുഷ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന രണ്ടാമത്തെ താരമായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യക്കെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്.

ജോ റൂട്ട് ടെസ്റ്റ് കരിയറില്‍ ഇതുവരെ 13380* റണ്‍സാണ് നേടിയത്. റിക്കി പോണ്ടിങ് (13379), ജാക്ക് കാലിസ് (13289), രാഹുൽ ദ്രാവിഡ് (13288) എന്നിവരെ മറികടന്നാണ് റൂട്ട് ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഇനി റൂട്ടിന് മുന്നിൽ സച്ചിൻ ടെണ്ടുൽക്കർ (15921) മാത്രമാണുള്ളത്. ഇതിഹാസ താരത്തിന്റെ റെക്കോർഡ് റൂട്ട് മറികടക്കുമോ എന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകർ. എന്നാല്‍ അതിന് ഇനിയും നിരവധി മികച്ച ഇന്നിംഗ്സുകള്‍ റൂട്ട് പുറത്തെടുക്കണം.

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലെ മൂന്നാംദിനം റൂട്ടിന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ട് ലീഡ് എടുത്തു. റൂട്ടിന്റെ കരിയറിലെ 38ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇന്ത്യക്കെതിരായ 12ാം സെഞ്ച്വറിയും. മത്സരം 103 ഓവർ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 438 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒല്ലി പോപ്പിനും ബെൻ സ്റ്റോക്സിനും ഓപ്പം ചേർന്ന് റൂട്ട് പടുത്തുയർത്തിയ കൂട്ടുകെട്ടുകളുടെ പിന്‍ബലത്തിലാണ് ആതിഥേയർ ലീഡ് നേടിയത്. ജോ റൂട്ടും (123) ബെൻ സ്റ്റോക്സും (39) ആണ് ക്രീസിൽ.

113 പന്തില്‍ 84 റണ്‍സെടുത്ത സാക് ക്രോളിയും ഏകദിന ശൈലിയില്‍ ആക്രമിച്ചു കളിച്ച ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. സെഞ്ച്വറിക്ക് അരികെ 84 റണ്‍സിലാണ് ഡക്കറ്റ് പുറത്തായത്. സാക് ക്രോളിയെ രവീന്ദ്ര ജഡേജയും ഡക്കറ്റിനെ അന്‍ഷുല്‍ കംബോജിയുമാണ് പുറത്താക്കിയത്.

പിന്നാലെ എത്തിയ ഒല്ലി പോപ്പും റൂട്ടും ചേർന്ന് ടീം ടോട്ടല്‍ ഉയർത്തി. 128 പന്തുകള്‍ നേരിട്ട പോപ്പ് ഏഴ് ഫോറുകള്‍ ഉള്‍പ്പെടെ 71 റണ്‍സാണ് നേടിയത്. വാഷിങ്ഷ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് തകർത്തത്.

നേരത്തെ, ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 358 റണ്‍സിന് പുറത്തായിരുന്നു. 114.1 ഓവറാണ് ടീം ബാറ്റ് ചെയ്തത്. അഞ്ച് വിക്കറ്റുകള്‍ പിഴുത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് എത്താതെ എറിഞ്ഞിട്ടത്. കാല്‍പ്പാദത്തിന് പരുക്കേറ്റ് കഴിഞ്ഞ ദിവസം കളി അവസാനിപ്പിച്ച ഋഷഭ് പന്ത് ഇന്ന് കളി തുടർന്നു. 27 പന്തുകള്‍ നേരിട്ട താരം അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്.

SCROLL FOR NEXT