CRICKET

IPL 2026 | ചിന്നസ്വാമിയിൽ പടിക്കൽ-കോഹ്ലി ബ്ലാസ്റ്റ്! ചാംപ്യൻ ബെംഗളൂരുവിന് ജയത്തുടക്കം

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ഐപിഎല്ലിൻ്റെ 19ാം സീസണിന് വെടിക്കെട്ട് തുടക്കം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ ഇത്തവണ ഉദ്ഘാടന മത്സരത്തിൽ കൊമ്പുകോർക്കാൻ എത്തിയപ്പോൾ ആവേശപ്പോരാട്ടമാണ് കാണാനായത്. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ആർസിബി സ്വന്തമാക്കിയത്. 202 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ മറികടന്നാണ് വിരാടും കൂട്ടരും എതിരാളികൾക്ക് മുന്നിൽ വലിയൊരു അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്കോർ, ഹൈദരാബാദ് 201/9 (20), ആർസിബി 203/4 (15.4).

ടോസ് നേടിയ നിലവിലെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു റണ്ണറപ്പുകളായ സൺറൈസേഴ്സ് ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ മികച്ച സ്കോറാണ് ഹൈദരാബാദ് പടുത്തുയർത്തിയത്.

മലയാളി താരം ദേവ്‌ദത്ത് പടിക്കൽ

സോൾട്ട് 8 റൺസിൽ മടങ്ങിയെങ്കിലും... മലയാളി താരം ദേവ്‌ദത്ത് പടിക്കലിൻ്റെ (26 പന്തിൽ 61, 4 സിക്സർ, 7 ഫോർ) വെടിക്കെട്ട് ബാറ്റിങ്ങാണ് പവർപ്ലേയിൽ ആർസിബിക്ക് മികച്ച തുടക്കം സമ്മാനിച്ചത്. വിരാട് കോഹ്ലിയും (38 പന്തിൽ 69, 5 സിക്സർ, 5 ഫോർ) ഐപിഎല്ലിലെ തൻ്റെ മികച്ച ഫോം തുടരുകയാണ്. ക്യാപ്റ്റൻ രജത് പടിദാർ (12 പന്തിൽ 31), ടിം ഡേവിഡ് (16) എന്നിവരും ആർസിബി നിരയിൽ തിളങ്ങി.

ഫിലിപ് സോൾട്ടിനെ ജയദേവ് ഉനദ്കട്ട് ക്ലാസൻ്റെ കൈകളിലെത്തിച്ചു

നേരത്തെ ബെംഗളൂരുവിന് മുന്നിൽ ഹൈദരാബാദ് ബാറ്റിങ് നിര 202 റൺസിൻ്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. വെടിക്കെട്ട് അർധസെഞ്ച്വറി നേടിയ ഇഷാൻ കിഷൻ (38 പന്തിൽ 80), 22 പന്തില്‍ 31 റണ്‍സ് നേടിയ ഹെൻറിച്ച് ക്ലാസൻ, 18 പന്തില്‍ 43 റണ്‍സ് നേടിയ അനികേത് വര്‍മ എന്നിവരുടെ ബാറ്റിങും സണ്‍റൈസേഴ്‌സിന് തുണയായി.

ആര്‍സിബിക്കു വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റ് വീതവും, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിങ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

SCROLL FOR NEXT