ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പോരിന് കാത്തിരിക്കുകയാണ് ആരാധകർ. ഓസ്ട്രേലിയ കിരീടം നിലനിർത്തുമോ? അതോ കന്നിക്കിരീടം സ്വന്തമാക്കുമോ ദക്ഷിണാഫ്രിക്ക? ഇന്ന് ലോർഡ്‌സിലാണ് പോരാട്ടത്തിന് തുടക്കമാകുന്നത്.
ക്രിക്കറ്റിൻ്റെ സംശുദ്ധരൂപം ആസ്വദിക്കണമെങ്കിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം. അവിടെ സാങ്കേതികത്തികവും മനസാന്നിധ്യവും പ്രതിഭയുമെല്ലാം ഏറ്റുമുട്ടും. ഒരുനിമിഷത്തിൻ്റെ ആവേശമല്ല അഞ്ച് ദിനം നീണ്ടുനിൽക്കുന്ന മത്സരത്തിൻ്റെ ഗതിനിർണയിക്കുക. ടെസ്റ്റ് ക്രിക്കറ്റ് വിരസമായിത്തുടങ്ങിയ കാലത്താണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലേക്ക് ഐസിസി ആരാധകരെ ക്ഷണിച്ചത്. അന്ന് മുതൽ ഓരോ മത്സരഫലവും കലാശപ്പോരിലേക്കുള്ള കണക്കിൽ നിർണായകമായി. 2021ൽ പ്രഥമ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലൻഡ് കിരീടമുയർത്തി.
2023ൽ ഇന്ത്യ വീണ്ടും ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയക്ക് മുന്നിൽ വീണു. ചരിത്രത്തിലെ മൂന്നാം ഫൈനലിന് ഒരുങ്ങുമ്പോൾ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയക്ക് എതിരാളികൾ, ആദ്യ ലോക കിരീടം സ്വപ്നം കാണുന്ന ദക്ഷിണാഫ്രിക്ക. ആര് നേടിയാലും ചരിത്രനേട്ടം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ആദ്യമായി രണ്ട് കിരീടം സ്വന്തമാക്കുന്ന സംഘമാകുമോ ഓസ്ട്രേലിയ? പെരുമകേട്ട ഓസീസിനെ വീഴ്ത്തി പേര് കേട്ട നായകന്മാർക്ക് സാധിക്കാത്തത് ടെംപ ബാവുമ നൽകുമോ ദക്ഷിണാഫ്രിക്കയ്ക്ക്?
ലോർഡ്‌സിലെ വേദിയിൽ എല്ലാ കണ്ണുകളും ടെംപ ബാവുമയിലേക്കാണ്. ഹ്രസ്വകാലം കൊണ്ട് ദക്ഷിണാഫ്രിക്കൻ സംഘത്തെ അടിമുടി മാറ്റിയ നായകൻ.
ടെംപ ബാവുമയുടെ കീഴിൽ അജയ്യരായ സംഘമായി മാറിയിരിക്കുന്നു ദക്ഷിണാഫ്രിക്ക. 2023 മുതൽ 2025 വരെ നീണ്ട ടെസ്റ്റ് ചാംപ്യൻഷിപ്പ് കാലയളവിൽ
9 മത്സരങ്ങളിലാണ് ടെംപ ബാവുമയ്ക്ക് കീഴിൽ ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. എട്ടിലും ജയം, ഒരു സമനില. വെസ്റ്റ് ഇൻഡീസും ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും ബാവുമയുടെ സംഘത്തിന് മുന്നിൽ വീണു.
ഒരു കാലത്ത് കറുത്ത വർഗക്കാരോട് കാണിച്ച അവഗണനയുടെ പേരിൽ ക്രിക്കറ്റിൽ നിന്ന് വിലക്ക് ലഭിച്ച നാടാണ് ദക്ഷിണാഫ്രിക്ക. വിലക്കിന് ശേഷം ആരാധകരുടെ പ്രിയ ടീമായി മാറിയിട്ടു പോലും ഒരു കറുത്ത വർഗക്കാരനായ ബാറ്റർ ടീമിലെത്താൻ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. 2014ൽ ടെംപ ബാവുമ അരങ്ങേറുന്നത് വരെ.
ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്ന ആദ്യ സ്പെഷ്യലിസ്റ്റ് ബാറ്റർ. ക്വിൻ്റൺ ഡി കോക്ക് ടീം വിട്ടപ്പോൾ നായകസ്ഥാനം നൽകിയ ദക്ഷിണാഫ്രിക്കയ്ക്ക് തെറ്റിയില്ല. അർഹിക്കുന്ന കരങ്ങളിൽ തന്നെയാണ് ടീമിനെ ഏൽപ്പിച്ചത്. കറുത്ത വർഗക്കാരനായ ആദ്യ ദക്ഷിണാഫ്രിക്കൻ നായകനാണ് ടെംപ ബാവുമ. കറുത്തവരോട് ചരിത്രം കാണിച്ച അവഗണനയ്ക്ക് ടെംപ ബാവുമ കിരീടത്തോടെ തിളക്കമുള്ള മറുപടി നൽകുമോയെന്നാണ് ആകാംക്ഷ.
അന്താരാഷ്ട്ര കളിക്കളത്തിൽ ഒരുപാട് കണ്ണീർ വീണ ചരിത്രമുണ്ട് ദക്ഷിണാഫ്രിക്കയ്ക്ക്. നിർഭാഗ്യം തുടർക്കഥയായ നാളുകൾ. ഇതിഹാസ നായകന്മാരും താരങ്ങളും തലകുത്തിമറിഞ്ഞിട്ടും ഒരു ലോകകിരീടമെന്ന സ്വപ്നം ഇന്നും സാധ്യമാക്കാനായിട്ടില്ല ദക്ഷിണാഫ്രിക്കൻ സംഘത്തിന്. വിലക്കിന് ശേഷം ആദ്യ കിരീടസ്വപ്നവുമായി ഇറങ്ങിയ 1992 ഏകദിന ലോകകപ്പിൽ മഴയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വില്ലനായത്. സെമിഫൈനലിൽ മഴനിയമപ്രകാരം റൺസ് കണക്കുകൂട്ടിയപ്പോൾ വേണ്ടത് ഒരു പന്തിൽ 22 റൺസ്. ഇംഗ്ലണ്ടിനോട് തോറ്റ് കണ്ണീരോടെ ദക്ഷിണാഫ്രിക്ക മടങ്ങി.
1996 ലോകകപ്പിൽ 5ൽ 5ലും ജയിച്ച് ഗ്രൂപ്പ് ഘട്ടം കടന്നെങ്കിലും നോക്കൗട്ടിൽ നിരാശപ്പെടുത്തി. 99 ലോകകപ്പിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ആവേശസെമി ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകില്ല. 213 റൺസെടുത്ത് ഇരുടീമും ടൈ ആയ മത്സരത്തിനൊടുവിൽ ഗ്രൂപ്പ് ഘട്ടത്തിലെ മികവിൽ ഓസ്ട്രേലിയ ഫൈനലിലെത്തി.
അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 9 റൺസ്. ആദ്യ രണ്ട് പന്തും ബൗണ്ടറിയടിച്ച് ലാൻസ് ക്ലൂസ്നർ ടീമിനെ ഒപ്പമെത്തിച്ചു. ഒരു വിക്കറ്റ് മാത്രം കൈയ്യിലിക്കെ ഒരു റൺസിനായുള്ള ദക്ഷിണാഫ്രിക്കയുടെ പോരാട്ടം. നാലാംപന്തിൽ വിജയറണ്ണിനായി ലാൻസ് ക്ലൂസ്നർ ഓടിയപ്പോൾ നോൺസ്ട്രൈക്കർ എൻഡിൽ സ്തബ്ധനായി നിന്ന അലൻ ഡൊണാൾഡ് ഒരു രാജ്യത്തെയാകെയാണ് കണ്ണീരിലാഴ്ത്തിയത്.
2003 ലോകകപ്പിലും ശ്രീലങ്കയുമായുള്ള നിർണായക മത്സരത്തിൽ മഴ വില്ലനായി.പിന്നെയും ദക്ഷിണാഫ്രിക്ക കിരീടമോഹം ആരാധകർക്ക് നൽകി. ഒരുപാട് തിരിച്ചടികൾക്കൊടുവിൽ 2024 ട്വൻ്റി ട്വൻ്റി ലോകകപ്പിൽ അപരാജിതരായി ഫൈനലിലെത്തിയപ്പോൾ ഇന്ത്യ വിലങ്ങുതടിയായി. ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം അവിടെയും വീണുടഞ്ഞു.
1998ലെ ചാംപ്യൻസ് ട്രോഫി ജയിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമാകുന്ന ഏക കിരീടം. മൂന്ന് തവണ ടെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രത്തിലെ ആദ്യ ലോകകിരീടം ഒരുജയമകലെയാണ്. ടെസ്റ്റ് ക്രിക്കറ്റിനെ നെഞ്ചേറ്റിയ ഒരുസംഘം കൂടെയുണ്ടെന്നതാണ് ടെംപ ബാവുമയുടെ കരുത്ത്. എന്നാൽ കിരീടത്തോടടുക്കുമ്പോൾ കരുത്തുകൂടുന്ന ഓസ്ട്രേലിയയാണ് മുന്നിൽ. ഇതിഹാസങ്ങൾ പടിയിറങ്ങിയാലും പ്രതാപം മങ്ങിയാലും കിരീടക്കണക്കിൽ പിന്നോട്ടുപോയിട്ടില്ല കംഗാരുക്കൾ.
ഓസീസ് നായകൻ പാറ്റ് കമ്മിൻസിന് കീഴിൽ ഒരു ഫൈനലും ഓസ്ട്രേലിയ ഇതുവരെ തോറ്റിട്ടില്ല എന്നതും ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളി. പലതലമുറകളുടെ സ്വപ്നം പേറിയാണ് ടെംപ ബാവുമയും സംഘവും ക്രിക്കറ്റിൻ്റെ മെക്കയായ ലോർഡ്‌സിൽ പോരാടുക. ഇതുവരെ ബാവുമയ്ക്ക് കീഴിൽ തോൽവിയറിഞ്ഞിട്ടില്ലെന്നത് തന്നെയാണ് ആത്മവിശ്വാസം. ആ ജൈത്രയാത്ര കിരീടത്തിലെത്തുമോ ലോർഡ്‌സിൽ?