Source: X/ BCCI
CRICKET

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്: പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരക്കാരനാകാൻ സായ് സുദർശൻ

നേരത്തെ ജൂണിൽ ഇംഗ്ലണ്ടിലാണ് സായ് സുദർശൻ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഗുവാഹത്തി: നവംബർ 22 മുതൽ 26 വരെ ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ കളിക്കില്ല. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിനിടെ ഗില്ലിന് കഴുത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് ഇന്ത്യ 124 റൺസ് പിന്തുടർന്നപ്പോൾ ഗിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. തുടർന്ന് ആതിഥേയർ 30 റൺസിന് മത്സരത്തിൽ പരാജയപ്പെട്ടു.

ഗില്ലിൻ്റെ അഭാവം ഇന്ത്യക്ക് വൻ തിരിച്ചടിയാണ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ഗിൽ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് പോയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന് കളിക്കാനാകില്ല. പകരം 24കാരനായ ടോപ്പ് ഓർഡർ ബാറ്റർ സായ് സുദർശൻ ടീമിൻ്റെ ഭാഗമാകും.

നേരത്തെ ജൂണിൽ ഇംഗ്ലണ്ടിലാണ് സായ് സുദർശൻ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇതുവരെ അഞ്ച് ടെസ്റ്റുകൾ കളിച്ചിട്ടുള്ള അദ്ദേഹം 30.33 ശരാശരിയിൽ 273 റൺസ് നേടിയിട്ടുണ്ട്. ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലായിരുന്നു സുദർശൻ അവസാനമായി കളിച്ചത്. അവിടെ അദ്ദേഹം 39, 87 റൺസ് നേടി. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിൽ താരം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ ടെസ്റ്റ് കളിച്ചിരുന്നില്ല.

ഈഡൻ ഗാർഡൻസിൽ വച്ച് നടന്ന ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനം കഴുത്തിന് പരിക്കേറ്റ ഗിൽ മൂന്നാം ദിനം മുതൽ കളിക്കാൻ എത്തിയിരുന്നില്ല. തുടർന്ന് 25കാരനായ താരത്തെ കൊൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തേടിയതിന് പിന്നാലെ ഞായറാഴ്ചയാണ് ഗിൽ ആശുപത്രി വിട്ടത്. മത്സരം ഇന്ത്യ തോൽക്കുകയും രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിൽ 1-0ന് പിന്നിലാവുകയും ചെയ്തിരുന്നു.

ഗിൽ ടീമിനൊപ്പം ഗുവാഹത്തിയിൽ എത്തുമെന്നും എന്നാൽ കളിക്കില്ലെന്നുമാണ് വിവരം. ശുഭ്മാൻ ഗില്ലിനോട് യാത്ര ചെയ്യരുതെന്നാണ് മെഡിക്കൽ ടീം ഉപദേശിച്ചിരിക്കുന്നത്. യാത്ര പരിക്ക് കൂടുതൽ വഷളാക്കുകയും ഭാവിയിൽ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്. പക്ഷേ, ക്യാപ്റ്റനെന്ന നിലയിൽ ടീമിൻ്റെ മനോവീര്യം വർധിപ്പിക്കാനായി ഗിൽ ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

പിടിഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഗില്ലിന് പൂർണ്ണമായി സുഖം പ്രാപിക്കാൻ കുറഞ്ഞത് 10 ദിവസമെങ്കിലും ആവശ്യമായി വരും. തുടർന്ന് മത്സരത്തിന് തയ്യാറാകാൻ റീഹാബിലിറ്റേഷൻ പൂർത്തിയാക്കണം. നവംബർ 30ന് റാഞ്ചിയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിലും അദ്ദേഹത്തിന് വിശ്രമം നൽകുക എന്നതാണ് സെലക്ടർമാർക്ക് നിലവിൽ എടുക്കാവുന്ന യുക്തിസഹമായ തീരുമാനം. പരമ്പരയിൽ വലിയ അപകടസാധ്യതകൾ ഒന്നുമില്ലാത്തതിനാൽ ഗില്ലിന് ഒരു ഇടവേളയെടുത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 മത്സരങ്ങൾക്കായി തിരിച്ചെത്താം.

SCROLL FOR NEXT