ലഖ്നൗ: 26/4 എന്ന നിലയിൽ തകർന്ന ഡൽഹി ക്യാപിറ്റൽസിനെ ഇംപാക്ട് പ്ലേയറായെത്തി വിജയത്തിലേക്ക് നയിച്ച് സമീർ റിസ്‌വി. 47 പന്തിൽ നിന്ന് 70 റൺസുമായി പുറത്താകാതെ നിന്ന സമീർ റിസ്‌വിയുടെയും ട്രിസ്റ്റൺ സ്റ്റബ്‌സിൻ്റേയും (32 പന്തിൽ 39) തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഡൽഹിക്ക് ആറ് വിക്കറ്റിൻ്റെ തകർപ്പൻ ജയം സമ്മാനിച്ചത്.
ലഖ്നൗ സൂപ്പർ ജയൻ്റ്സിനായി പ്രിൻസ് യാദവ് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും മൊഹ്സിൻ ഖാനും ഓരോ വീതം വിക്കറ്റ് നേടി. ഒരു ഘട്ടത്തിൽ 4.3 ഓവറിൽ 26/4 എന്ന നിലയിൽ തകർച്ചയെ അഭിമുഖീകരിച്ച ടീമിനെ മുൻ ചെന്നൈ സൂപ്പർ കിങ്സ് താരമായ റിസ്‌വി രക്ഷിച്ചെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം സ്റ്റബ്സും മികച്ച പിന്തുണയേകി.
നേരത്തെ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ ബൗളിങ് മികവിൽ 141ൽ എറിഞ്ഞിടാൻ അക്സർ പട്ടേലിൻ്റെ ഡൽഹി ക്യാപിറ്റൽസിനായി. പേസർമാരായ ടി. നടരാജൻ, ലുങ്കി എങ്കിടി (മൂന്ന് വീതം വിക്കറ്റ്) സ്പിന്നർ കുൽദീപ് യാദവ് (രണ്ട് വിക്കറ്റ്) എന്നീ ഡൽഹി ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിൻ്റെ കരുത്തിലാണ് ലഖ്നൗവിനെ 150ൽ താഴെ എറിഞ്ഞിടാൻ സന്ദർശകർക്ക് സാധിച്ചത്.
ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഘട്ടത്തിലും ലഖ്നൗ താരങ്ങളെ നിലയുറപ്പിച്ച് കളിക്കാൻ ഡൽഹി ബൗളർമാർ അനുവദിച്ചില്ല. 36 റൺസെടുത്ത അബ്ദുൾ സമദ്, 35 റൺസെടുത്ത മിച്ചെൽ മാർഷ് എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല. 18.4 ഓവറിൽ 141 റൺസ് എന്ന നിലയിലാണ് എൽഎസ്‍ജിയുടെ ഇന്നിങ്സ് അവസാനിച്ചത്.