എം.എസ്. ധോണി, സഞ്ജു സാംസണ്‍ Source: ANI
CRICKET

രാജസ്ഥാനായിരുന്നു എന്റെ ലോകം, അപ്പോഴാണ് രാഹുല്‍ ദ്രാവിഡ് ... ; ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് സഞ്ജുവിന്റെ വക ട്വിസ്റ്റ്

2013ലാണ് രാജസ്ഥാനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ തന്റെ ഐപിഎല്‍ യാത്ര ആരംഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുന്നുവെന്ന വാർത്ത കുറച്ചു കാലമായി പ്രചരിക്കുന്നുണ്ട്. സഞ്ജുവിനായി ചെന്നൈ സൂപ്പർ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കരുക്കള്‍ നീക്കി തുടങ്ങിയെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെ തനിക്ക് രാജസ്ഥാനുമായുള്ള ബന്ധത്തെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു.

2013ലാണ് രാജസ്ഥാനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ തന്റെ ഐപിഎല്‍ യാത്ര ആരംഭിക്കുന്നത്. 2021ല്‍ താരം രാജസ്ഥാന്‍ നായകനായി. 2022ല്‍ ഐപിഎല്‍ കിരീട നേട്ടത്തിന് അരികെ ടീമിനെ എത്തിക്കാനും ഈ സ്കിപ്പറിന് സാധിച്ചു. കഴിഞ്ഞ കുറച്ചു കാലമായി രാജസ്ഥാന്റെ മുഖം തന്നെ ഈ വിക്കറ്റ് കീപ്പർ ബാറ്ററാണ്. എന്നാല്‍, 2026 ഐപിഎല്ലില്‍ സഞ്ജു ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകള്‍.

"ആർആർ ആയിരുന്നു എന്റെ ലോകം. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും വന്ന ചെറിയ പയ്യന് തന്റെ കഴിവുകള്‍ എല്ലാവരെയും കാണിച്ചുകൊടുക്കണമായിരുന്നു. അപ്പോഴാണ് രാഹുല്‍ (ദ്രാവിഡ്) സാറും മനോജ് ബദലെ സാറും ഞാന്‍ ആരാണെന്ന് ലോകത്തെ കാണിക്കാന്‍ എനിക്ക് ഒരു വേദി തന്നത്," രവിചന്ദ്രൻ അശ്വിനുമായി നടത്തിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിലെ ത്നറെ കരിയറിലേക്ക് തിരിഞ്ഞുനോക്കിയ സഞ്ജു, ചെറുപ്പത്തില്‍ തന്നെ തന്നില്‍ അർപ്പിച്ച വിശ്വാസത്തിന് ടീം ഫ്രാഞ്ചൈസിയോട് നന്ദി അറിയിച്ചു.

"ആ സമയത്ത് അവർ എന്നെ പൂർണമായി വിശ്വസിച്ചു. ആർആറിനൊപ്പമുള്ള യാത്ര വളരെ മികച്ചതായിരുന്നു. അത്തരമൊരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് നന്ദിയുണ്ട്," സഞ്ജു പറഞ്ഞു.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ നിലനിർത്തിയ ആറ് കളിക്കാരില്‍ ഒരാളായിരുന്നു സഞ്ജു സാംസണ്‍. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ടീം നിലനിർത്തിയത്. യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, സന്ദീപ് ശർമ, ഷിംറോൺ ഹെറ്റ്‌മെയർ എന്നിവരായിരുന്നു മറ്റുള്ളവർ. എന്നാല്‍ 2025 ഐപിഎല്‍ സീസണില്‍ പരിക്ക് കാരണം 14 മത്സരങ്ങളില്‍ ഒന്‍പത് എണ്ണത്തില്‍ മാത്രമാണ് താരം കളിച്ചത്. സഞ്ജുവിന് പകരം റിയാന്‍ പരാഗായിരുന്നു രാജസ്ഥാന്‍ നായകന്‍. നാല് വിജയങ്ങളുമായി ഒന്‍പതാം സ്ഥാനത്താണ് രാജസ്ഥാന്‍ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്.

SCROLL FOR NEXT