എംഎസ് ധോണിയും സഞ്ജു സാംസണും Source: X/ Indian Premier League
CRICKET

സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ആവേശത്തോടെ കാത്തിരുന്ന് വമ്പൻ ഐപിഎൽ ക്ലബ്ബുകൾ | Sanju Samson

തങ്ങള്‍ക്കു സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സിഎസ്‌കെ ഒഫീഷ്യൽ കഴിഞ്ഞ ദിവസം ക്രിക്ക്ബസിനോട് സ്ഥിരീകരിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഐപിഎൽ ട്രാൻസ്ഫർ വിന്‍ഡോയില്‍ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണിൻ്റെ കൂടുമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെ താരത്തെ ടീമിലെത്തിക്കാൻ മത്സരിച്ച് പ്രമുഖ ഐപിഎൽ ഫ്രാഞ്ചൈസികൾ. തങ്ങള്‍ക്കു സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സിഎസ്‌കെ ഒഫീഷ്യൽ കഴിഞ്ഞ ദിവസം ക്രിക്ക്ബസിനോട് സ്ഥിരീകരിച്ചിരുന്നു. സഞ്ജുവിനു വേണ്ടി രാജസ്ഥാൻ റോയൽസിനെ ഔദ്യോഗികമായി സമീപിക്കാനൊരുങ്ങുകയാണ് സിഎസ്‌കെ മാനേജ്‌മെൻ്റ്.

സഞ്ജു സാംസണിൻ്റെ കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും തമ്മില്‍ ധാരണയിലെത്തിയാല്‍ അടുത്ത സീസണില്‍ മലയാളി താരത്തെ ചെന്നൈയുടെ യെല്ലോ ജേഴ്സിയിൽ കാണാനാകും. എന്നാല്‍, സഞ്ജുവിനെ വില്‍ക്കാന്‍ റോയല്‍സ് തയ്യാറായാല്‍, ചെന്നൈയ്ക്ക് പുറമെ മറ്റു ചില ഫ്രാഞ്ചൈസികള്‍ കൂടി രംഗത്തു വന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മൂന്ന് തവണ ഐപിഎല്ലില്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഈ ലിസ്റ്റിലെ ആദ്യത്തെ ടീം. 2012ലെ ഐപിഎല്ലില്‍ കെകെആറിലൂടെയാണ് സഞ്ജു സാംസണിന്റെ ഐപിഎല്‍ തുടക്കം. പക്ഷേ അവര്‍ക്കായി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. 2013ലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജു ചേക്കേറിയത്. ഓപ്പണിങില്‍ ക്വിൻ്റണ്‍ ഡീകോക്കും അഫ്ഗാനിസ്ഥാൻ്റെ റഹ്മാനുള്ള ഗുര്‍ബാസും താളം കണ്ടെത്താത്തതോടെ അടുത്ത സീസണില്‍ സഞ്ജുവിനെ അവര്‍ക്ക് ആവശ്യമാണ്.

അജിങ്ക്യ രഹാനെയുടെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍സിയും അത്ര മികതായിരുന്നില്ല. അതിനാല്‍ പുതിയൊരു ക്യാപ്റ്റനെയും കെകെആര്‍ നോട്ടമിടുന്നുണ്ട്. ഈ റോളിലേക്കും സഞ്ജു പെര്‍ഫെക്ട് മാച്ചാണ്. ക്യാപ്റ്റന്‍സി, വിക്കറ്റ് കീപ്പിങ് എന്നിവര്‍ മാത്രമല്ല ഓപ്പണറായും കളിക്കാന്‍ സാധിക്കുമെന്നത് അദ്ദേഹത്തിന്റെ മൂല്യവും വര്‍ധിപ്പിക്കുന്നു.

മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സഞ്ജു സാംസണിനായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള രണ്ടാമത്തെ ഫ്രാഞ്ചൈസി. നിലവില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷൻ്റെ പ്രകടനത്തിൽ അവർ തൃപ്തരല്ല. ഇഷാനു പകരം സഞ്ജുവിനെ കൊണ്ടുവന്നാല്‍ അതു ഹൈദരാബാദ് ബാറ്റിങ്ങിന് കൂടുതല്‍ സ്ഥിരത നല്‍കും. പാറ്റ് കമ്മിന്‍സിനെ നായകസ്ഥാനത്ത് നിന്നും മാറ്റേണ്ടി വന്നാല്‍ ഈ പദവി ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് സഞ്ജു.

അഞ്ച് തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സാണ് സഞ്ജു സാംസണിനായി മത്സരിക്കുന്ന മൂന്നാമത്തെ ടീം. ദക്ഷിണാഫ്രിക്കന്‍ താരം റയാന്‍ റിക്കെല്‍റ്റണായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈയുടെ വിക്കറ്റ് കീപ്പർ. അരങ്ങേറ്റ സീസണില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചെങ്കിലും സ്ഥിരതയില്ലായ്മ ഒരു പ്രശ്നമായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ടീമിനെ പ്ലേ ഓഫിലെത്താന്‍ സഹായിച്ചത്. സഞ്ജുവിനെ കൊണ്ടുവന്നാല്‍ മുംബൈ കൂടുതല്‍ അപകടകാരികളാകും.

SCROLL FOR NEXT