CRICKET

"സന്തോഷം നൽകാറുള്ള കാര്യങ്ങൾ അതെല്ലാമാണ്"; ക്രിക്കറ്റിൽ തന്നെ ത്രില്ലടിപ്പിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി സഞ്ജു സാംസൺ, വീഡിയോ

മനസിൻ്റെ വൈകാരിക തലങ്ങളെ ബാലൻസ് ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും സഞ്ജു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യൻ ടീമിനായി കളിക്കുമ്പോൾ കിട്ടുന്ന ആവേശം മറ്റൊന്നിനും നൽകാനാകില്ലെന്ന് ഇന്ത്യൻ ടി20 ടീമിലെ ഓപ്പണർ സഞ്ജു സാംസൺ. ഇന്ത്യക്കായി കളിക്കാനായി ഞാൻ കാത്തിരിക്കാറുണ്ടെന്നും ഇന്ത്യൻ ടീമിൻ്റെ വിജയങ്ങളിൽ പോസിറ്റീവായ സംഭാവനകൾ നൽകാൻ കഴിയുന്നതാണ് കൂടുതൽ സന്തോഷം നൽകുന്നതെന്നും സഞ്ജു സാംസൺ പറഞ്ഞു. സ്റ്റാർ സ്പോർട്സാണ് സഞ്ജുവിൻ്റെ അഭിമുഖം പുറത്തുവിട്ടത്.

"എത്രത്തോളം സമയം ക്രീസിൽ ചിലവിടുന്നോ, ഇന്ത്യൻ ജഴ്സിയണിഞ്ഞ് എപ്പോഴൊക്കെ കളിക്കാനാകുന്നോ.. അതെല്ലാം മനസിന് സന്തോഷം നൽകുന്ന കാര്യങ്ങളാണ്. ഇന്ത്യൻ ടീമിനൊപ്പം വന്നും പോയുമിരിക്കുന്ന കളിക്കാരനാണ് ഞാൻ. ഇന്ത്യക്കൊപ്പം കളിക്കാനാകാത്തത് ചിലപ്പോഴൊക്കെ വൈകാരികമായി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറുമുണ്ട്," സഞ്ജു പറഞ്ഞു.

"എൻ്റെ അനുഭവസമ്പത്ത് കൊണ്ട് അധികം വൈകാരികതകളെ മനസിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. അക്കാര്യത്തിൽ ഒരു സന്തുലിതാവസ്ഥ എപ്പോഴും പാലിക്കാറുണ്ട്. ചിലപ്പോഴൊക്കെ അവസരം ലഭിക്കുമ്പോൾ, ഇത്തവണ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണമെന്നൊക്കെ കണക്കുകൂട്ടാറുണ്ട്. എന്നാൽ മനസിൻ്റെ വൈകാരിക തലങ്ങളെ ബാലൻസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്," സഞ്ജു പറഞ്ഞു.

"ഞാൻ കളിക്കുന്ന സമയത്ത് മത്സരത്തിൻ്റെ സാഹചര്യങ്ങളെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. മാർക്കോ ജാൻസൺ പന്തെറിയുമ്പോൾ എങ്ങനെ കളിക്കണമെന്ന് പ്ലാൻ ചെയ്യുകയാണ് ചെയ്യാറുള്ളത്. പവർപ്ലേയിൽ അഭിഷേക് ശർമയ്ക്കൊപ്പം നല്ലൊരു കൂട്ടുകെട്ട് പടുത്തുയർത്തണം. എനിക്ക് നിയന്ത്രിക്കാവുന്ന കാര്യങ്ങളിലൊക്കെ ശ്രദ്ധ വയ്ക്കാറുണ്ട്. അത് സിംപിളാക്കി വയ്ക്കാനും ശ്രമിക്കാറുണ്ട്," സഞ്ജു സാംസൺ അഭിമുഖത്തിൽ വിശദീകരിച്ചു. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ.

SCROLL FOR NEXT