Image: X
CRICKET

രോഹിത് പിന്നിൽ, കോഹ്‌ലിക്ക് ഒപ്പം; വാങ്ക്‌ഡേ സ്റ്റേഡിയത്തില്‍ സഞ്ജുവിൻ്റെ അപൂര്‍വ നേട്ടങ്ങള്‍

സെമി ഫൈനലില്‍ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു സഞ്ജുവിന്റേത്

Author : ന്യൂസ് ഡെസ്ക്

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ സഞ്ജുവിന്റെ തേരോട്ടം തുടരുന്നു. അവസാന സൂപ്പര്‍ എട്ട് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 97 റണ്‍സ് നേടിയ താരം സെമിയിലും നിരാശപ്പെടുത്തിയില്ല. വാങ്കഡേ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു സഞ്ജുവിന്റേത്.

ഏഴ് സിക്‌സറുകളും എട്ട് ഫോറുകളുമായി 89 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. സെഞ്ച്വറിക്ക് തൊട്ടരികില്‍ എത്തി നില്‍ക്കേ പുറത്തായെങ്കിലും അപൂര്‍വ റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി. വിരാട് കോഹ്ലിയുടെ അപൂര്‍വ നേട്ടത്തിനൊപ്പമാണ് സഞ്ജുവിന്റെ പേരുമുള്ളത്.

ടി20 ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പമാണ് സഞ്ജു എത്തിയത്. 2016 ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 47 പന്തില്‍ പുറത്താകാതെ 89 റണ്‍സ് നേടിയ കോഹ്ലിയുടെ പ്രകടനമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇപ്പോള്‍ സഞ്ജു ആ ചരിത്ര നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ്.

രോഹിത് ശര്‍മയുടെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോര്‍ഡും തന്റെ ഇന്നിങ്‌സിലൂടെ സഞ്ജു പഴങ്കഥയാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡിലാണ് രോഹിത് ശര്‍മയെ സഞ്ജു മറികടന്നത്.

റെക്കോര്‍ഡുകള്‍ ഇങ്ങനെ

16 2026 ല്‍ സഞ്ജു സാംസണ്‍

15 - 2024 ല്‍ രോഹിത് ശര്‍മ്മ

15 - 2026 ല്‍ ശിവം ദുബെ

14 - 2026 ല്‍ ഇഷാന്‍ കിഷന്‍

14 - 2026 ല്‍ ഹാര്‍ദിക് പാണ്ഡ്യ

12 - 2007 ല്‍ യുവരാജ് സിംഗ്

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോര്‍ ആണ് ഇന്ത്യ പടത്തുയര്‍ത്തിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ഇന്ത്യ നേടിയത്. 42 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സ് നേടിയത്. 25 പന്തില്‍ നിന്ന് നാല് സിക്സും ഒരു ഫോറുമടക്കം ശിവം ദുബെ 43 റണ്‍സ് നേടി. 18 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം ഇഷാന്‍ കിഷന്‍ 39 റണ്‍സ് നേടി.

SCROLL FOR NEXT