Image: ANI
CRICKET

ശ്രേയസ് അയ്യരെ ഐസിയുവില്‍ നിന്ന് മാറ്റി; കൂടുതല്‍ പരിചരണം ആവശ്യം

സിഡ്‌നിയിലെ ആശുപത്രിയിലാണ് ശ്രേയസ് അയ്യര്‍ ചികിത്സയില്‍ കഴിയുന്നത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഐസിയുവില്‍ നിന്ന് മാറ്റി. നിലവില്‍ സിഡ്‌നിയിലെ ആശുപത്രിയിലാണ് ശ്രേയസ് അയ്യര്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ അലക്‌സ് ക്യാരിയെ പുറത്താക്കാന്‍ ക്യാച്ചെടുത്തപ്പോഴായിരുന്നു ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റത്. വാരിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതോടെയാണ് താരത്തെ ഐസിയുവിലേക്ക് മാറ്റിയത്.

പരിക്കേറ്റതിനെ തുടര്‍ന്ന് അയ്യരെ ടീം ഫിസിയോമാര്‍ ചേര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോയിരുന്നു. ഡ്രസ്സിങ് റൂമില്‍ വെച്ച് അയ്യര്‍ കുഴഞ്ഞ് വീണതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌കാനിങ്ങില്‍ വാരിയെല്ലുകളുടെ അടിയില്‍ പ്ലീഹയില്‍ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പരിചരണത്തിനായി സിഡ്‌നിയിലുള്ള ആശുപത്രിയിലേക്ക് മാറ്റി.

തീവ്രപരിചരണ വിഭാഗത്തിലായിരുന്ന താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് ഐസിയുവില്‍ നിന്ന് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെങ്കിലും കൂടുതല്‍ പരിചരണം ആവശ്യമാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്.

പൂര്‍ണ ആരോഗ്യവാനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ അയ്യര്‍ക്ക് മൂന്നാഴ്ചയോളം സമയം വേണ്ടി വരും.

SCROLL FOR NEXT