Image: X
CRICKET

ക്യാപ്റ്റന്‍ സ്ഥാനത്ത് സൂര്യകുമാറിന് പകരം ഈ താരം; ടി20 ടീമില്‍സൂര്യവന്‍ഷിയും?

യുകെ പര്യടനത്തിനും, ഏഷ്യന്‍ ഗെയിംസിനുമുള്ള രണ്ട് വ്യത്യസ്ത സ്‌ക്വാഡുകളെ പ്രഖ്യാപിക്കും

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് സൂര്യകുമാറിനെ മാറ്റുമെന്നതില്‍ തീരുമാനമായി. യുകെ പര്യടനത്തിലും ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും പുതിയ നായകനായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക. ഇതു സംബന്ധിച്ച അന്തിമ തീരുമാനം നാളെ ചേരുന്ന യോഗത്തില്‍ എടുക്കുമെന്നാണ് സൂചന.

അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരെയുള്ള മത്സരങ്ങളാണ് യുകെ പര്യടനത്തില്‍ ഉണ്ടാകുക. ജൂണ്‍ 26, 26 തീയതികളില്‍ അയര്‍ലന്‍ഡിനെതിരായ മത്സരം നടക്കും. അതിനു ശേഷം ടീം ഇംഗ്ലണ്ടിലേക്ക് പോകും. അഞ്ച് ടി20 യും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്നതാണ് ഇംഗ്ലണ്ടിനെതിരാ മത്സരങ്ങള്‍. ജുലൈ ഒന്നിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.

യുകെ പര്യടനത്തിനും, ഏഷ്യന്‍ ഗെയിംസിനുമുള്ള രണ്ട് വ്യത്യസ്ത സ്‌ക്വാഡുകളെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പ്രഖ്യാപിക്കും.

സൂര്യകുമാറിനു പകരം ശ്രേയസ് അയ്യരാകും ടി20 ടീമിന്റെ ക്യാപ്റ്റന്‍ ആകുക. തിലക് വര്‍മ വൈസ് ക്യാപ്റ്റനാകുമെന്നും സൂചനയുണ്ട്. വൈഭവ് സൂര്യവന്‍ഷി സീനിയര്‍ ടീമില്‍ ഇടംപിടിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഏഷ്യന്‍ ഗെയിംസില്‍ തിലക് വര്‍മ്മ ടീമിനെ നയിച്ചേക്കും.

2028ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ എന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകകപ്പ് ടീമില്‍ നാലാം നമ്പര്‍ പൊസിഷനില്‍ സൂര്യകുമാര്‍ ഉള്‍പ്പെട്ടേക്കും.

പേസര്‍ പ്രിന്‍സ് യാദവ്, ഇടംകൈയ്യന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെ എന്നിവരുള്‍പ്പെടെ ചില പുതിയ മുഖങ്ങള്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. ശനിയാഴ്ച ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കുള്ള ടെസ്റ്റ്, ഏകദിന സ്‌ക്വാഡുകളിലും ഹര്‍ഷ് ദുബെ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, സൂര്യകുമാര്‍ യാദവ് കനത്ത തിരിച്ചടിയാണ് നേരിടാന്‍ പോകുന്നത്. ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുന്നതിനു പുറമെ, ടീമിലും താരത്തിന് ഇടമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 18 മാസത്തെ താരത്തിന്റെ മോശം പ്രകടനം തിരിച്ചടിയാകും.

SCROLL FOR NEXT