Image: X
CRICKET

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ശ്രേയസ് ഉണ്ടാകുമോ? അനിശ്ചിതത്വം തുടരുന്നു

ശസ്ത്രക്രിയ കഴിഞ്ഞു നിൽക്കുന്ന താരത്തിന് 50 ഓവര്‍ മത്സരം നേരിടാനാകുമോ എന്നതാണ് ആശങ്ക.

Author : ന്യൂസ് ഡെസ്ക്

ജനുവരി 11 ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ഉണ്ടാകുമോ എന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഒക്ടോബര്‍ 25 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ശ്രേയസ് തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആ പ്രതീക്ഷ വേണ്ടെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവിൽ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ചികിത്സയില്‍ കഴിയുകയാണ് താരം.

ആരോഗ്യം വീണ്ടെടുത്ത് ജനുവരിയില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ശ്രേയസ് എത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ജനുവരി മൂന്നിനും ആറിനും നടക്കുന്ന മത്സരത്തില്‍ താരം മുംബൈക്കു വേണ്ടി കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനു ശേഷം ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ ടീമിനൊപ്പം താരം ചേരും എന്നും വാര്‍ത്തകള്‍ വന്നു.

എന്നാല്‍ ഈ രണ്ട് മത്സരങ്ങളിലും പങ്കാളിയാകുന്നത് ശാരീരിക ക്ഷമതയെ ആശ്രയിച്ചിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. വയറിലെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന താരത്തിന് 50 ഓവര്‍ മത്സരം നേരിടാനാകുമോ എന്നതാണ് ആശങ്ക.

താരം സ്‌കില്‍ ട്രെയിനിങ് ആരംഭിച്ചതായും നല്ല നിലയിലാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, 50 ഓവര്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യാനുള്ള കഴിവ് വിലയിരുത്തിയ ശേഷമേ അദ്ദേഹത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. എങ്ങനെ പുള്‍ ഔട്ട് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിജയ് ഹസാരെയില്‍ പങ്കെടുക്കുന്നത് തീരുമാനിക്കുക.

SCROLL FOR NEXT