Image: X
CRICKET

ശരീരഭാരം കുറഞ്ഞു; ശ്രേയസ് അയ്യര്‍ക്ക് ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ഇല്ല

ജനുവരി 11 ന് ആരംഭിക്കുന്ന പരമ്പരയ്ക്ക് മുമ്പ് ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍

Author : ന്യൂസ് ഡെസ്ക്

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ഉണ്ടാകുമോ എന്നതില്‍ അവ്യക്തത തുടരുന്നു. പരിക്കിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന താരം ജനുവരി 11 ന് ആരംഭിക്കുന്ന പരമ്പരയ്ക്ക് മുമ്പ് ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ടീമിലേക്കുള്ള മടങ്ങി വരവ് ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തില്‍ കഴിയുന്ന ശ്രേയസിന്റെ ശരീരഭാരം കുറഞ്ഞിട്ടുണ്ട്. ആറ് കിലോ ആണ് കുറഞ്ഞത്. ബാറ്റ് ചെയ്യാനാവില്ലെങ്കിലും ഫീല്‍ഡില്‍ നില്‍ക്കാനുള്ള കരുത്ത് താരം നേടിയിട്ടുണ്ട്.

പക്ഷേ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. നേരത്തേ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കു വേണ്ടി രണ്ട് മത്സരങ്ങള്‍ താരം കളിക്കുമെന്നും ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തുമെന്നുമായിരുന്നു വാര്‍ത്തകള്‍.

താരം സ്‌കില്‍ ട്രെയിനിങ് ആരംഭിച്ചതായും നല്ല നിലയിലാണെന്നും എന്നാല്‍, 50 ഓവര്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യാനുള്ള കഴിവ് വിലയിരുത്തിയ ശേഷമേ അദ്ദേഹത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നും ബിസിസിഐ അറിയിച്ചിരുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെയാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. അലക്‌സ് ക്യാരിയെ പുറത്താക്കാന്‍ ക്യാച്ചെടുക്കുന്നതിനിടയിലായിരുന്നു അപകടം. പരിക്കേറ്റതിനെ തുടര്‍ന്ന് അയ്യരെ ടീം ഫിസിയോമാര്‍ ചേര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഡ്രസ്സിങ് റൂമില്‍ വെച്ച് അയ്യര്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌കാനിങ്ങില്‍ വാരിയെല്ലുകളുടെ അടിയില്‍ പ്ലീഹയില്‍ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. കൂടുതല്‍ പരിചരണത്തിനായി സിഡ്‌നിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാരിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു.

SCROLL FOR NEXT