Source: Screengrab
CRICKET

'വിവാഹപാർട്ടിക്കിടെ പലാഷ് മുച്ഛലിനെ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കണ്ടെത്തി, സ്മൃതിയുടെ സുഹൃത്തുക്കൾ പിടികൂടി മർദിച്ചു'; ഗുരുതര ആരോപണവുമായി സ്മൃതി മന്ദാനയുടെ സുഹൃത്ത്

ആരോപണം തന്നെ തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പലാഷ് മുച്ഛൽ പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ മുൻസുഹൃത്ത് പലാഷ് മുച്ഛലിനെതിരെ ഗുരുതര ആരോപണം. വിവാഹത്തോട് അനുബന്ധിച്ചുള്ള പാർട്ടിക്കിടെ പലാഷിനെ മറ്റൊരു സ്ത്രീക്കൊപ്പം കിടപ്പറയിൽ കണ്ടതാണ് വിവാഹം മുടങ്ങാൻ കാരണമെന്ന് സ്മൃതിയുടെ ബാല്യകാല സുഹൃത്തായ വിദ്‌ന്യാൻ മാനെ വെളിപ്പെടുത്തി. കൂടാതെ പലാഷ് 40 ലക്ഷം വാങ്ങി വഞ്ചിച്ചെന്നും പരാതിയുണ്ട്. എന്നാൽ, ആരോപണം തന്നെ തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പലാഷ് മുച്ഛൽ പ്രതികരിച്ചു.

ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ പലാഷ് മുച്ഛലും സ്മൃതി മന്ദാനയും തമ്മിലുള്ള വിവാഹം അവസാന നിമിഷമാണ് റദ്ദാക്കിയത്. സ്മൃതിയുടെ അച്ഛൻ്റെ ദേഹാസ്വാസ്ഥ്യം കാരണം വിവാഹം മാറ്റിയെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നാലെ വിവാഹത്തിൽ നിന്ന് പിൻമാറിയെന്ന് ഇരുവരും അറിയിച്ചുവെങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ വിവാഹം പെട്ടെന്ന് റദ്ദാക്കാൻ മറ്റ് കാരണങ്ങളുണ്ടെന്നാണ് സ്മൃതി മന്ദാനയുടെ ബാല്യകാല സുഹൃത്തും നടനും നിർമാതാവുമായ വിദ്ന്യാൻ മാനെയുടെ ആരോപണം.

വിവാഹപാർട്ടി നടക്കുന്ന വേളയിൽ പലാഷ് മുച്ഛലിനെ കിടപ്പറയിൽ മറ്റൊരു സ്ത്രീയോടൊപ്പം സ്മൃതി മന്ദാനയുടെ സുഹൃത്തുക്കൾ കണ്ടെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കൂടിയായ സ്മൃതിയുടെ സുഹൃത്തുക്കൾ ഇയാളെ കൈകാര്യം ചെയ്തെന്നും പിന്നാലെ സ്മൃതി വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നുവെന്നും വിദ്ന്യാൻ മാനെ പറയുന്നു.

പലാഷ് മുച്ഛലിനെതിരെ 40 ലക്ഷം തട്ടിയെന്ന പരാതി വിദ്ന്യാൻ മാനെ നേരത്തെ പൊലീസിൽ നൽകിയിരുന്നു. സിനിമ നിർമിക്കാം എന്ന് വാഗ്ദാനം ചെയ്ത് 40 ലക്ഷം വാങ്ങിയെന്നും എന്നാൽ പ്രൊജക്റ്റ് നടന്നില്ലെന്നും പണം തിരികെ നൽകിയില്ലെന്നുമാണ് വിദ്ന്യാൻ്റെ പരാതി. സംഭവത്തിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാഹം റദ്ദാക്കിയ സംഭവത്തിൽ വിദ്ന്യാൻ്റെ വെളിപ്പെടുത്തൽ.

നേരത്തെ വിവാഹത്തോട് അടുത്ത ദിവസങ്ങളിൽ മേരി ഡി കോസ്റ്റയെന്ന സ്ത്രീയുമായുള്ള പലാഷിൻ്റെ ചാറ്റുകൾ പുറത്തുവന്നിരുന്നു. എന്നാൽ പുതിയ ആരോപണം തൻ്റെ പ്രശസ്തി തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പലാഷ് മുച്ഛലിൻ്റെ മറുപടി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പലാഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. ഒരു ഇടവേളയ്ക്ക് ശേഷം താരവിവാഹം മുടങ്ങിയ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. എന്നാൽ വിഷയത്തിൽ സ്മൃതി മന്ദാന ഇതുവരെ പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT