ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീതസംവിധായകൻ പലാഷ് മുച്ചലിൻ്റെയും വിവാഹ ചടങ്ങുകൾക്കിടെ സ്മൃതി മന്ദാനയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതം. അപ്രതീക്ഷിതമായ സംഭവത്തെ തുടർന്ന് വിവാഹം മാറ്റിവച്ചു. സാംഗ്ലിയിലെ സാംഡോളിലുള്ള മന്ദാന ഫാം ഹൗസിൽ വച്ച് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായത്.
ഇദ്ദേഹത്തെ ഉടൻ തന്നെ സാംഗ്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞയുടൻ സ്മൃതി മന്ദാനയും കുടുംബവും ആശുപത്രിയിലേക്കെത്തിച്ചേർന്നിട്ടുണ്ട്.
നിലവിൽ, ഇദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പ്രശ്നമൊന്നുമില്ലെന്നും നിരീക്ഷണത്തിലാണെന്നും കുടുംബം അറിയിച്ചു. സംഭവത്തെ തുടർന്ന് വിവാഹ ചടങ്ങുകൾ നിർത്തിവച്ചതായും മാധ്യമങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. എന്നാൽ, വിവാഹ ആഘോഷങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്നതിനെ സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.
2019 മുതൽ പ്രണയത്തിലായിരുന്ന സ്മൃതി മന്ദാനയും പലാഷ് മുച്ചലും തങ്ങളുടെ പ്രണയം അടുത്തിടെയാണ് പരസ്യമാക്കിയത്. കഴിഞ്ഞ ദിവസം ലോകകപ്പ് നേടിയ വേദിയിൽ വെച്ച് സ്മൃതിയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.