സൗരവ് ഗാംഗുലി 
CRICKET

"ബംഗാളിൽ നിന്നുള്ള ആ യുവപ്രതിഭയ്ക്ക് കൂടുതൽ അവസരം നൽകണം"; ഇന്ത്യൻ സെലക്ടർമാരെ വിമർശിച്ച് സൗരവ് ഗാംഗുലി

2021-22 സീസൺ മുതൽക്കേ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

Author : ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടംനേടിയിരുന്ന ബംഗാളി താരം അഭിമന്യു ഈശ്വരന് മതിയായ അവസരം ലഭിക്കാത്തതിനെ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. 2021-22 സീസൺ മുതൽക്കേ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

മൂന്നാം നമ്പറിൽ കരുൺ നായരും സായ് സുദർശനും പരാജയമായിട്ടും ബംഗാൾ ക്രിക്കറ്റ് ടീമിന് നായകന് അവസരം ലഭിക്കാത്തതിനെയാണ് സൗരവ് ഗാംഗുലി വിമർശിച്ചത്. ഭാവിയിൽ അഭിമന്യു ഈശ്വരന് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ മൂന്നാം സ്ഥാനക്കാരനായി തിളങ്ങാനാകുമെന്ന് ദാദ ചൂണ്ടിക്കാട്ടി.

അഭിമന്യുവിൻ്റെ പ്രായം കുറവാണ്. ഞാൻ പ്രതീക്ഷിക്കുന്നത് അയാൾക്ക് ഇനിയും അവസരം ലഭിക്കുമെന്ന് തന്നെയാണ്. കഴിഞ്ഞ പരമ്പരയിൽ യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ , ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയ ബാറ്റർമാരെല്ലാം ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിൽ റൺസ് നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ബാറ്റിങ് പൊസിഷനിൽ മൂന്നാം നമ്പറാണ് അൽപ്പം ദുർബലമായി തോന്നിയത്. ഒരുപക്ഷേ അഭിമന്യു ഈശ്വരനെ അവിടെ പരീക്ഷിച്ചേക്കാം," ഗാംഗുലി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ അഭിമന്യുവിനെ ടീമിലെടുത്ത ശേഷം മാത്രം 15ഓളം യുവതാരങ്ങൾ ടീമിലെത്തി. എന്നിട്ടും ബംഗാൾ നായകന് ഒരവസരം പോലും ലഭിച്ചിട്ടില്ല. അഭിമന്യു ഈശ്വരൻ 103 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 48.70 ശരാശരിയിൽ 7841 റൺസും താരം നേടിയിട്ടുണ്ട്.

ഇന്ത്യൻ ടീമിൽ മകൻ നേരിടുന്ന ആവർത്തിച്ചുള്ള ഒഴിവാക്കലുകളെ പിതാവ് രംഗനാഥൻ ഈശ്വരൻ അടുത്തിടെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. "നിനക്ക് ദീർഘമായൊരു കരിയർ ഇന്ത്യൻ ടീമിൽ കാണുന്നുണ്ടെന്നാണ് കോച്ച് ഗൗതം ഗംഭീർ മകനോട് പറഞ്ഞിട്ടുള്ളത്. ഒന്നോ രണ്ടോ മത്സരങ്ങൾക്ക് ശേഷം നിന്നെ പുറത്താക്കുന്ന ആളല്ലെന്നും ഗംഭീർ പറഞ്ഞിരുന്നു. മുഴുവൻ പരിശീലക സംഘവും അവന് ദേശീയ ടീമിൽ കളിക്കാൻ അർഹതയുണ്ടെന്നും കളിക്കാനാകുമെന്നും ഉറപ്പ് നൽകിയിരുന്നു," യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രംഗനാഥൻ വിഷമത്തോടെ പറഞ്ഞു.

"അഭിമന്യു കഴിഞ്ഞ നാല് വർഷമായി അതിനായുള്ള കാത്തിരിപ്പിലാണ്. 23 വർഷത്തെ കഠിനാധ്വാനത്തിൻ്റെ ഫലമായിട്ടാണ് അവൻ ടീമിലെത്തിയത്. എന്നാൽ അവനെ ഒരൊറ്റ മത്സരത്തിൽ പോലും കളിപ്പിച്ചില്ല. അഭിമന്യു തൻ്റെ ആഭ്യന്തര മത്സരങ്ങളിൽ ഏകദേശം 30 ശതമാനവും കളിച്ചിട്ടുള്ളത് ഈഡൻ ഗാർഡൻസിലാണ്. അതുപോലെ പച്ചപ്പുള്ള ട്രാക്കുകളിൽ കളിച്ചുള്ള പരിചയവും അദ്ദേഹത്തിനുണ്ട്. അഭിമന്യു ദീർഘമായ ഇന്നിങ്സുകൾ കളിക്കാൻ പ്രാപ്തനാണെന്നാണ് അവൻ്റെ റെക്കോർഡുകൾ ചൂണ്ടിക്കാട്ടുന്നത്," രംഗനാഥൻ വിമർശിച്ചു.

SCROLL FOR NEXT