കൊളംബോ: ടി20 ലോകകപ്പില്‍ സെമി കാണാതെ ആതിഥേയരായ ശ്രീലങ്ക പുറത്ത്. സൂപ്പര്‍ എട്ടിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 61 റണ്‍സിനാണ് ശ്രീലങ്കയുടെ തോല്‍വി. ടോസ് നേടി ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 107 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ന്യൂസിലന്‍ഡിന്റെ ജയത്തോടെ പാകിസ്ഥാന്റെ നില കൂടുതല്‍ പരുങ്ങലിലായി.
ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറാണ് കിവീസിനെ ബേധപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. പതറി തുടങ്ങിയ ന്യൂസിലന്‍ഡ് ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റില്‍ സാന്റനറും കോള്‍ മക്കന്‍ജിയും ചേര്‍ന്നാണ് ടീമിനെ കരയ്ക്കടുപ്പിച്ചത്. ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തു. 26 പന്തില്‍ 47 റണ്‍സാണ് സാന്റനര്‍ നേടിയത്. കോള്‍ 23 പന്തില്‍ 31 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. കാമിന്ദു മെന്‍ഡിസും ദുനിതുമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്.
നാലു വിക്കറ്റുകളെടുത്ത രചിന്‍ രവീന്ദ്രയാണ് ലങ്കന്‍ ബാറ്റിങിന്റെ നട്ടെല്ലൊടിച്ചത്. മാറ്റ് ഹെന്‍ട്രി രണ്ടു വിക്കറ്റകളും നേടി.