Image: X
CRICKET

"ഇവിടെ ലേസർ ഷോ ഒക്കെ ഉണ്ട്, ഇതൊക്കെ അനാവശ്യമല്ലേ?" ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനിടയിൽ മുന്‍ താരങ്ങള്‍

ഡ്രിങ്ക്‌സ് ബ്രേക്കിലായിരുന്നു ലേസര്‍ ഷോ

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനിടയിലെ ലേസര്‍ ഷോ നടത്തേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും രവി ശാസ്ത്രിയും. 196 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എന്ന നിലയിലായിരുന്നു. ഈ സമയത്തുള്ള ഡ്രിങ്ക്‌സ് ബ്രേക്കിലായിരുന്നു ലേസര്‍ ഷോ.

മൂന്ന് മിനുട്ടുള്ള ഇടവേളയില്‍ സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ച ശേഷമായിരുന്നു ലേസര്‍ ഷോ. വെളിച്ചത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം ബാറ്റര്‍മാരുടെ ശ്രദ്ധയെയും കാഴ്ചയെയും ബാധിക്കുമെന്ന് ഗാവസ്‌കറും ശാസ്ത്രിയും ആശങ്ക പ്രകടിപ്പിച്ചു.

കമന്ററിക്കിടയിലായിരുന്നു ഗവാസ്‌കറിന്റേയും രവി ശാസ്ത്രിയുടേയും അഭിപ്രായം. രണ്ടര മൂന്ന് മിനുട്ട് നേരമുള്ള ലേസര്‍ ഷോ ബാറ്റര്‍മാര്‍ക്ക് എളുപ്പമാകില്ലെന്ന് ഗവാസ്‌കര്‍ പ്രതികരിച്ചു. അന്താരാഷ്ട്ര മത്സര വേദിയില്‍ ഇത്തരം കാഴ്ചകള്‍ അനാവശ്യമാണെന്ന് ഗവാസ്‌കര്‍ തുറന്നടിച്ചു.

രസകരമായിട്ടായിരുന്നു ഇരുവരും തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്. "ഇവിടെ ഒരു ലേസര്‍ ഷോ ഒക്കെ നടക്കുന്നുണ്ട്. ഇതൊരു ലോകകപ്പാണ്. രണ്ടര മിനുട്ട് നേരത്തേക്കുള്ള ഈ വിനോദങ്ങളുടെയൊക്കെക ആവശ്യമുണ്ടോ? ഐപിഎല്ലിലെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഇത് കുഴപ്പമില്ല. എന്നാല്‍, ഐപിഎല്‍നോക്കൗട്ട് മത്സരങ്ങളിലോ ഇതുപോലൊരു ലോകകപ്പിലോ ഈ ഡ്രിങ്ക്‌സ് ബ്രേക്കിനിടയില്‍ ലേസര്‍ ഷോകളുടെ ആവശ്യമുണ്ടോ?' കളിക്കാരുടെ ഏകാഗ്രതയെ ഇത് ബാധിക്കും". ഗവാസ്‌കറുടെ അഭിപ്രായം രവി ശാസ്ത്രിയും ശരിവെച്ചു.

വെളിച്ചത്തിലുണ്ടാകുന്ന മാറ്റം കളിക്കാര്‍ക്ക് എളുപ്പമാകില്ലെന്നും മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT