മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇന്ത്യയെ വിറപ്പിച്ച് ട്രംപിൻ്റെ നാട്ടുകാർ. വാംഖഡെ സ്റ്റേഡിയത്തിൽ നായകൻ്റെ ഇന്നിങ്സുമായി സൂര്യകുമാർ യാദവ് (84) മുന്നിൽ നിന്ന് പൊരുതിയപ്പോൾ യുഎസ്എയ്ക്ക് മുന്നിൽ 162 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. സ്കോർ, ഇന്ത്യ 161-9 (20 ഓവർ).
പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ ബൗളിങ് മികവ് കൊണ്ട് വിരട്ടി നിർത്തിയാണ് ഐസിസി ടി20 ലോകകപ്പിന് യുഎസ്എ തുടക്കമിട്ടത്. ഇന്ത്യൻ നിരയിൽ ആറ് ബാറ്റർമാർക്ക് രണ്ടക്കം പോലും കടക്കാനായില്ല. മൂന്ന് പേർ പൂജ്യത്തിന് പുറത്തായി.
അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ് (49 പന്തിൽ 84 റൺസ്) ആണ് ഇന്ത്യയെ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ (16 പന്തിൽ 20), തിലക് വർമ (16 പന്തിൽ 25), അക്സർ പട്ടേൽ (14) എന്നിവർ മാത്രമാണ് പിന്നീട് ഇന്ത്യൻ നിരയിൽ നിന്ന് രണ്ടക്കം കടന്നത്.
അതേസമയം, യുഎസ്എയ്ക്കായി ഷാഡ്‌ലി വാൻ ഷാൽക്വിക്ക് അവിസ്മരണീയമായ ബൗളിങ് പ്രകടനം തന്നെ പുറത്തെടുത്തു. നാലോവറിൽ 25 റൺസ് വഴങ്ങിയാണ് ഷാൽക്വിക്ക് ഇന്ത്യയുടെ നിർണായകമായ നാല് വിക്കറ്റുകൾ പിഴുതെടുത്തത്. ഹർമീത് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി.