ദുബായ്: 2025ലെ ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന് ശേഷം പഹൽഗാം ഭീകരാക്രമണത്തിൽ ഇരകളായവരുടെ കുടുംബങ്ങളെ കുറിച്ച് പ്രസ്താവന നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൂര്യകുമാർ യാദവിന് തിരിച്ചടിയുണ്ടാകുമെന്ന് സൂചന.
പാകിസ്ഥാനെതിരായ രാഷ്ട്രീയ പ്രസ്താവനയെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ വാദം കേൾക്കലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൂര്യകുമാർ യാദവ് വ്യാഴാഴ്ച പങ്കെടുത്തിരുന്നു. ഇന്ത്യൻ സായുധ സേനയ്ക്ക് വിജയം സമർപ്പിച്ച സൂര്യകുമാർ, പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ബിസിസിഐ സിഒഒ ഹേമാങ് അമിൻ, ക്രിക്കറ്റ് ഓപ്പറേഷൻസ് മാനേജർ സമ്മർ മല്ലപുർക്കർ എന്നിവർക്കൊപ്പമാണ് ഐസിസി വാദം കേൾക്കലിൽ സൂര്യകുമാർ യാദവ് പങ്കെടുത്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സൂര്യകുമാറിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് നൽകിയ ഔദ്യോഗിക പരാതിയെ തുടർന്നാണ് റിച്ചി റിച്ചാർഡ്‌സണിൻ്റെ അധ്യക്ഷതയിൽ വാദം കേൾക്കൽ പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര മത്സരങ്ങൾക്കിടയിൽ രാഷ്ട്രീയ ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതിന് താരങ്ങൾക്ക് വിലക്കുണ്ട്. ഇത് ഐസിസിയുടെ നിയമാവലിക്ക് കീഴിലുള്ള ലെവൽ വൺ കുറ്റകൃത്യമാണ്. നിലവിൽ എഷ്യ കപ്പ് ഫൈനൽ നടക്കാനിരിക്കെ, സൂര്യക്ക് ഐസിസി മുന്നറിയിപ്പ് നൽകി വിട്ടയക്കുകയോ മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തുകയോ ചെയ്യാനിടയുണ്ട്.
"സൂര്യ ഇന്ന് ഐസിസി ഹിയറിങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം ബിസിസിഐയുടെ സിഒഒയും ക്രിക്കറ്റ് ഓപ്പറേഷൻസ് മാനേജരും ഉണ്ടായിരുന്നു. രാഷ്ട്രീയ സ്വഭാവമുള്ളതായി കാണാവുന്ന ഒരു പരാമർശവും നടത്തരുതെന്ന് റിച്ചാർഡ്‌സൺ അദ്ദേഹത്തോട് വിശദീകരിച്ചു. സൂര്യക്കെതിരായ അച്ചടക്ക നടപടി എന്താണെന്ന് ഉറപ്പാക്കാൻ കഴിയില്ല. ഇത് ലെവൽ വണ്ണിൽ വരുന്നതിനാൽ, ചിലപ്പോൾ ഒരു മുന്നറിയിപ്പോടെ മത്സര ഫീസിൽ 15 ശതമാനം പിഴയോ ഈടാക്കിയേക്കാം," പേര് വെളിപ്പെടുത്താത്ത ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.