CRICKET

സയ്യിദ് മുഷ്താഖ് അലി ട്രോഫി: റെക്കോർഡ് നേട്ടത്തോടെ ഒഡിഷയെ 10 വിക്കറ്റിന് തകർത്ത് കേരളം; ഇടിവെട്ട് സെഞ്ച്വറിയോടെ രോഹൻ, സഞ്ജുവിന് ഫിഫ്റ്റി

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെൻ്റില്‍ തകർപ്പൻ ജയവുമായി സഞ്ജു സാംസണും കൂട്ടരും തുടങ്ങി. ലഖ്‌നൗവിലെ എകാന സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ കളിയില്‍ ഒഡീഷയെ കേരളം പത്തു വിക്കറ്റിന് തകർക്കുകയായിരുന്നു. ടി20യില്‍ ഒരിടവേളയ്ക്ക് ശേഷം ഓപ്പണിങ്ങിലേക്കുള്ള വരവ് അപരാജിത ഫിഫ്റ്റിയോടെയാണ് സഞ്ജു ആഘോഷിച്ചത്.

കേരളത്തിൻ്റെ യഥാര്‍ഥ ഹീറോ ഓപ്പണറായ രോഹന്‍ കുന്നുമ്മലായിരുന്നു. ഇടിവെട്ട് സെഞ്ച്വറിയോടെ ടീമിൻ്റെ വിജയം ഉറപ്പാക്കി. വെറും 61 പന്തിലാണ് രോഹന്‍ 121 റണ്‍സ് വാരിക്കൂട്ടിയത്. പത്ത് വീതം ഫോറും സിക്സറുമാണ് രോഹൻ പറത്തിയത്. 51 റണ്‍സുമായി രോഹന് സഞ്ജു മികച്ച പിന്തുണയേകി. 41 പന്തിലാണ് അദ്ദേഹം 51 റണ്‍സടിച്ചത്. ആറ് ഫോറും ഒരു സിക്സറും ഇതിലുണ്ടായിരുന്നു. അതേസമയം, കേരള ഓപ്പണർമാരുടെ പ്രകടനം റെക്കോർഡ് ബുക്കിലിടം നേടി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയക്കപ്പെട്ട ശേഷം ഒഡിഷ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബിപ്ലബ് സമാന്തരെയുടെ (53) ഫിഫ്റ്റിയാണ് അവര്‍ക്കു തുണയായത്. 41 ബോളുകള്‍ നേരിട്ട താരം അഞ്ച് ഫോറും ഒരു സിക്‌സറുമടിച്ചു. സംബിത് ബറാലാണ് (40) ഒഡിഷയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ഗൗരവ് ചൗധരി (29) സ്വാസ്തിക് സമല്‍ (20) എന്നിവരും തിളങ്ങി.

കേരള ബൗളര്‍മാരില്‍ പേസര്‍ എംഡി നിധീഷ് തിളങ്ങി. നാലോവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം നാല് വിക്കറ്റെടുത്തു. മറ്റൊരു പേസര്‍ കെ.എം. ആസിഫിന് രണ്ട് വിക്കറ്റും ലഭിച്ചു.

177 റണ്‍സ് വിജയലക്ഷ്യം കേരളത്തിന് ഒരിക്കലും വെല്ലുവിളിയായില്ല. രോഹന്‍ കുന്നുമ്മല്‍ തുടക്കത്തിലേ തകർത്തടിച്ചപ്പോള്‍ പിന്തുണയ്‌ക്കേണ്ട ചുമതല മാത്രമെ നായകന്‍ സഞ്ജു സാംസണ് ഉണ്ടായിരുന്നുള്ളൂ. ഓപ്പണർമാർ 16.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ കേരളത്തെ അനായാസം വിജയത്തിലെത്തിച്ചു.

SCROLL FOR NEXT