CRICKET

രാജ്യാതിർത്തികളുടെ വരകളെ മായ്ച്ചുകളയാൻ കെൽപ്പില്ലാത്ത ക്രിക്കറ്റ്

പണ്ട് ഭാരത ദേശത്തിൻ്റെ ഭാഗമായിരുന്ന ബംഗ്ലാദേശും പാകിസ്ഥാനും ഇന്ന് ഈ മണ്ണിൽ കാലുകുത്തില്ലെന്ന് വാശിപിടിക്കുന്നിടത്ത് വരെയെത്തി കാര്യങ്ങൾ

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

2007ൽ ബംഗ്ലാദേശിനോട് തോറ്റ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായത് ഓർക്കുന്നില്ലേ... മഹാരഥന്‍മാരായ സച്ചിൻ, ഗാംഗുലി, സെവാഗ്, ദ്രാവിഡ്, യുവരാജ്, ധോണി എന്നിവരൊക്കെ ഉൾപ്പെട്ടിരുന്ന കരുത്തരായ ഇന്ത്യയെ അന്ന് അഞ്ച് വിക്കറ്റിന് തകർക്കുമ്പോൾ ബംഗ്ലാദേശിന് അതൊരു സ്വപ്നസമാനമായ നിമിഷമായിരുന്നു. ലോക കായിക ഭൂപടത്തിൽ ബംഗ്ലാ കടുവകൾ ആദ്യമായി തലയുയർത്തി നിന്ന നിമിഷം... ക്വീൻസ് ഓവൽ പാർക്കിൽ വീണ ഇന്ത്യൻ ആരാധകരുടെ കണ്ണുനീരിന്... 2011 ഏകദിന ലോകകപ്പിൽ സെവാഗിൻ്റെയും (175) കോഹ്ലിയുടെയും (100) തകർപ്പൻ സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ മറുപടി നൽകിയിരുന്നു.

വീറും വാശിയും നിറയുന്ന ഇടങ്ങൾ തന്നെയാണ് ക്രിക്കറ്റ് മൈതാനങ്ങൾ... അവിടെ ജയവും പരാജയവും... അട്ടിമറികളും അപമാനവും... തിരിച്ചുവരവും മധുര പ്രതികാരവുമെല്ലാം പതിവാണ്... അത് മറ്റേതൊരു കായിക ഇനത്തേയും പോലെ ക്രിക്കറ്റിനും സമ്മാനിക്കാനാകുന്നൊരു മാജിക്കാണ്... കലഹിക്കുന്ന മനസുകളെ ഒരുമിപ്പിക്കാൻ കഴിയുന്ന വേദിയാണ് സ്പോർട്സ്... ആൾക്കൂട്ടങ്ങളെ ഒറ്റക്കെട്ടാക്കി മാറ്റാൻ കെൽപ്പുള്ള ഇടം... രാജ്യാതിർത്തികളുടെ വരകളെ മായ്ച്ചുകളയാൻ സവിശേഷ സിദ്ധിയുള്ള സ്പോർട്സ്... എന്നാൽ കാലം മാറി... 2026 ടി20 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി നിൽക്കുമ്പോൾ സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. പണ്ട് ഭാരത ദേശത്തിൻ്റെ ഭാഗമായിരുന്ന ബംഗ്ലാദേശും പാകിസ്ഥാനും ഇന്ന് ഈ മണ്ണിൽ കാലുകുത്തില്ലെന്ന് വാശിപിടിക്കുന്നിടത്ത് വരെയെത്തി കാര്യങ്ങൾ. ക്രിക്കറ്റ് മൈതാനങ്ങൾ രാഷ്ട്രീയ വടംവലികളുടെയും പകപോക്കലുകളുടെയും വേദികളായി മാറുന്ന കെട്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. ദി ഫൈനൽ വിസിലിലേക്ക് സ്വാഗതം.

ക്രിക്കറ്റിലേക്ക് പടരുന്ന രാഷ്ട്രീയം!

പണ്ടൊക്കെ വിനോദോപാധി മാത്രമായിരുന്നു സ്പോർട്സ്.. ഇന്ന് അത് രാഷ്ട്രീയക്കാരുടെ കൈകളിലെ നയതന്ത്ര ആയുധമായി മാറുന്ന കാഴ്ച ആശങ്കാജനകമാണ്!! ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള കായികയിനമായ ക്രിക്കറ്റിലേക്ക് ഭരണകർത്താക്കൾ രാഷ്ട്രീയം കുത്തിവയ്ക്കുമ്പോൾ.. അത് മലീമസമാക്കുന്ന പരിസരങ്ങൾ ഭാവിയിൽ സൃഷ്ടിക്കാൻ പോകുന്ന ആഘാതം വളരെ വലുതാണ്. 'ജെൻ്റിൽമാൻസ് ഗെയിം' എന്ന് തുടർന്നും ക്രിക്കറ്റിനെ വിളിക്കാൻ കഴിയാതെ വരുന്ന അവസ്ഥ! അത് പരിതാപകരം തന്നെയാണ്!!

ക്രിക്കറ്റിങ് രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പണക്കൊഴുപ്പുള്ള ബിസിസിഐ, അതിൻ്റെ ഹുങ്ക് താരതമ്യേനെ വരുമാനം കുറവുള്ള മറ്റു ബോർഡുകളോട് കാണിക്കാൻ തുടങ്ങിയെന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യവും. ക്രിക്കറ്റ് എന്ന കായിക ഇനത്തിലേക്ക് ഇക്കൂട്ടർ വർഗീയ ചേരിതിരിവുകൾ സന്നിവേശിപ്പിച്ച് തുടങ്ങുന്നത് അപകടകരമായൊരു സാഹചര്യങ്ങൾക്കാണ് തിരികൊളുത്തുന്നത്.

ഇന്ത്യക്കാരനായ ജയ്ഷാ ഐസിസിയുടെ തലപ്പത്തേക്ക് വന്നപ്പോൾ തന്നെ ഇങ്ങനെ പലതും സംഭവിക്കുമെന്ന് കാലേക്കൂട്ടി പ്രതീക്ഷിച്ചതാണ്. രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരിൽ അനാവശ്യമായ പൊളിറ്റിക്സ് ക്രിക്കറ്റിലേക്ക് കുത്തിവയ്ക്കുമ്പോൾ.. ആ ഗെയിം വിഭാവനം ചെയ്യുന്ന ഐക്യബോധത്തിൻ്റേതായ അടിസ്ഥാന ലക്ഷ്യങ്ങളൊക്കെ കാറ്റിൽപ്പറത്തുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്.

ബിസിസിഐ ഒരിടത്ത് നിന്ന് ഉടക്കി തുടങ്ങുമ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റേയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റേയും തലപ്പത്തുള്ള മൊഹ്സിൻ നഖ്‌വിയും, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റായ അമിനുൾ ഇസ്ലാമും ഒക്കെ... അതിനോട് രാഷ്ട്രീയമായി തന്നെ പ്രതികരിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. ക്രിക്കറ്റ് ബോർഡുകളുടെ ഉൾപ്പോരുകളിലേക്ക് അതാത് രാജ്യങ്ങളുടെ സർക്കാരുകൾ കൂടി ചേരുമ്പോൾ അതൊരു ആഗോളതർക്കമായി മൂർച്ഛിക്കുമെന്നും... അണയാത്ത കനലുപോലെ നീറിക്കൊണ്ടിരിക്കുമെന്നും തീർച്ചയാണ്.

BCCI vs BCB വാർ

2025 ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണമായിരുന്നു ഇന്ത്യ-പാക് ക്രിക്കറ്റ് ബോർഡുകളുടെ തർക്കം രൂക്ഷമാക്കിയതെങ്കിൽ... 2024 ഓഗസ്റ്റ് 5ന് രാഷ്ട്രീയ അട്ടിമറികളെ തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തീരുമാനമാണ് "BCCI vs BCB പോരിന്" തുടക്കമിട്ടത്. അധികാരത്തിലെത്തിയ പുതിയ ബംഗ്ലാദേശ് സർക്കാർ അധികൃതർ.. ഹസീനയെ ഉടൻ വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നെങ്കിലും അതിനൊന്നിനും ചെവി കൊടുക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറായിരുന്നില്ല.

ഈ വൈരം ക്രമേണ ബംഗ്ലാദേശിലെ തെരുവുകളിലേക്ക് പടരുന്നതാണ് കണ്ടത്. ആ രാജ്യത്ത് കുടിയേറി താമസിക്കുന്ന ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നതും, ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നത് ഇന്ത്യൻ സർക്കാർ ആശങ്കയോടെയാണ് കാണുന്നത്. എന്നാൽ ബജ്റങ് ദളും വിശ്വഹിന്ദു പരിഷത്തും പോലുള്ള രാജ്യത്തെ ഹിന്ദുത്വ സംഘടനകൾ അതിനെതിരെ പ്രതിഷേധങ്ങളുമായെത്തിയത് രംഗം കൂടുതൽ വഷളാക്കി. ഹിന്ദു-മുസ്ലീം വിദ്വേഷം പടർത്താൻ ഇക്കൂട്ടർ ശ്രമിച്ചതോടെയാണ് ക്രിക്കറ്റിലേക്കും അതിൻ്റെ വേരുകൾ പടർന്നത്.

വംശീയ വിദ്വേഷത്തിനിരയായി മുസ്തഫിസുർ റഹ്മാൻ!

റെഡ് ചില്ലീസിൻ്റെയും ഷാരൂഖ് ഖാൻ്റെയും ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശി പേസറായ മുസ്തഫിസുർ റഹ്മാനെ ടീമിലെടുത്തത് അക്കാലത്താണ്. മിനി താരലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് കെകെആർ ടീമിലെത്തിച്ചത്. ബംഗ്ലാദേശി പേസർമാരുടെ കൂട്ടത്തിൽ ഏറ്റവും പ്രഹരശേഷിയുള്ള വജ്രായുധമാണ് മുസ്തഫിസുർ റഹ്മാൻ. ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകളുടെ പോർവിളികളും സൈബർ ആക്രമണവും ബോളിവുഡ് കിങ് ഷാരൂഖിന് നേരെയും നീണ്ടതോടെ... ഗത്യന്തരമില്ലാതെ ബിസിസിഐ നിർദേശപ്രകാരം ബംഗ്ലാദേശി സൂപ്പർതാരത്തെ പിരിച്ചുവിടുകയല്ലാതെ കൊൽക്കത്ത ആസ്ഥാനമായുള്ള ഐപിഎൽ ഫ്രാഞ്ചൈസിക്ക് വെറെ വഴിയില്ലായിരുന്നു. ക്രിക്കറ്റിന് പുറത്തുള്ള ഒരു കാര്യത്തെ ചൊല്ലി ബിസിസിഐ ഐപിഎൽ ടീമിൻ്റെ കരാറിൽ ഇടപെട്ടതും ഒരു തെറ്റും ചെയ്യാത്ത താരത്തെ പുറത്താക്കിയതും തെറ്റായ കീഴ്‌വഴക്കമായിരുന്നു. ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയം മാറ്റി നിർത്താനുള്ള പക്വത അധികൃതർ കാണിക്കാതിരുന്നത് പ്രശ്നം കൂടുതൽ വളരാനിടയാക്കി.

BCBയുടെ പകവീട്ടലും ലോകകപ്പ് ബഹിഷ്കരണവും

പരിക്കോ, ഫോം ഇല്ലായ്മയോ, കരാർ ലംഘനമോ ഒന്നും നടത്താത്ത ബംഗ്ലാദേശിൻ്റെ സൂപ്പർ ഹീറോയായ ഒരു ക്രിക്കറ്ററെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയ നടപടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ ഞെട്ടിച്ചു. പിന്നാലെ ബംഗ്ലാദേശ് സർക്കാരും ഈ വിഷയത്തിൽ ഇടപെട്ടു. ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം വിലക്കിയാണ് രാജ്യം ഇതോട് പ്രതികരിച്ചത്. ഒപ്പം ഫെബ്രുവരിയിൽ തുടങ്ങുന്ന ട്വൻ്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയർത്തി. എന്നാൽ ഐസിസിയിൽ നല്ല പിടിപാടുള്ള ബിസിസിഐയ്ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ പകവീട്ടൽ അത്ര സുഖിച്ചില്ലെന്ന് മാത്രമല്ല വകവച്ചുംകൊടുത്തില്ല. അതോടെ BCCI vs BCB തർക്കം ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ട്വൻ്റി20 ലോകകപ്പ് ബഹിഷ്ക്കരിക്കുന്നതിലേക്കും, ഐസിസി പുതിയൊരു ടീമിന് ലോകകപ്പിൽ അവസരം നൽകുന്നതിലേക്കും വഴിയൊരുക്കി.

"ഖേൽ ഹി നഹി, ദിൽ ഭീ ജീത്തിയേ"

മുസ്തഫിസുർ റഹ്മാനെ ചൊല്ലിയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള തർക്കം ഉടലെടുത്തത്. എന്നാൽ ഇന്ത്യ-പാക് ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള തർക്കം തുടങ്ങുന്നത് 1999 മെയ് മാസത്തിൽ നടന്ന കാർഗിൽ യുദ്ധ പശ്ചാത്തലത്തിലാണ്. അതുവരെയും ഇന്ത്യ-പാകിസ്ഥാൻ മാച്ചുകൾ തടസങ്ങളില്ലാതെ തുടർന്നിരുന്നു.

കാർഗിൽ യുദ്ധാനന്തരം പിന്നീട് ഇന്ത്യ പാകിസ്ഥാനിലേക്ക് ഒരു "സൗഹൃദ പരമ്പര" കളിക്കാനെത്തിയത് 2004ൽ ആയിരുന്നു. പരമ്പരയ്ക്കായി ഇന്ത്യൻ ടീം പുറപ്പെടും മുമ്പ് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിക്ക് ഒരു ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചു. വാജ്പേയ് അന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ വാചകങ്ങൾ ഇങ്ങനെയായിരുന്നു. "ഖേൽ ഹി നഹി, ദിൽ ഭീ ജീത്തിയേ"... അതായത് മത്സരങ്ങൾ മാത്രമല്ല ഹൃദയങ്ങൾ കൂടി കീഴടക്കൂ എന്നായിരുന്നു ബിജെപിയുടെ അന്നത്തെ പ്രധാനമന്ത്രി പറഞ്ഞത്.

അന്ന് ഇന്ത്യയിൽ നിന്നുള്ള കാണികൾക്ക് മത്സരം കാണാനായി പ്രത്യേക വിസയും പാക് സർക്കാർ അനുവദിച്ചിരുന്നു. പാകിസ്ഥാനിൽ പരമ്പര കളിക്കാനെത്തിയ ഇന്ത്യൻ താരങ്ങളെ നേരിൽ കണ്ട് അഭിനന്ദിക്കാൻ പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷറഫും നേരിട്ടെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പാകിസ്ഥാനിൽ കടുത്ത ആരാധകവൃന്ദമുണ്ടെന്നും മുഷറഫ് അന്ന് വെളിപ്പെടുത്തുകയുണ്ടായി.

എന്നാൽ, 2008ലെ മുംബൈ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യ-പാക് നയതന്ത്ര ബന്ധം വീണ്ടും വഷളായി. 2011ൽ മൊഹാലിയിൽ നടന്ന ഇന്ത്യ-പാക് ഏകദിന ലോകകപ്പ് സെമി ഫൈനൽ കാണാൻ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഇന്ത്യയിലെത്തിയിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗിൻ്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഗിലാനി പഞ്ചാബിലെത്തിയത്. ഇരുവരും ഒന്നിച്ചിരുന്നാണ് ഇന്ത്യ-പാക് സെമി ഫൈനൽ മത്സരം കണ്ടത്. അതൊക്കെ ഒരു കാലം!!

സ്പോർട്സിന് അതിരുകൾ നിശ്ചയിക്കുന്ന കെട്ട കാലം

രാജ്യാന്തര തർക്കങ്ങൾ വലിയ പ്രശ്നമായി ഉയർത്തിക്കാട്ടി ഐപിഎല്ലിലും ടി20 ലോകകപ്പിലുമൊക്കെ ടീമുകളോട് പകപോക്കുന്നത് തെറ്റായ രീതികളാണ്. ലോകത്തെ അതിരുകൾ മായ്ക്കുന്നിടത്താണ് സ്പോർട്സിൻ്റെ പ്രസക്തി.. ആളുകളെ ഒരുമിപ്പിക്കുന്നിടത്താണ് അതിൻ്റെ വിജയം... എന്നാൽ ക്രിക്കറ്റിലെന്ന പോലെ ലോകത്ത് പലയിടത്തും സ്പോർട്സിന് അതിരുകൾ നിശ്ചയിക്കുന്ന കാലമാണിത്.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നിയമാവലിയിൽ പറയുന്നൊരു ചട്ടമുണ്ട്, "സ്പോർട്സ് താരങ്ങൾ അതാത് രാജ്യങ്ങൾ ചെയ്യുന്ന പ്രവൃത്തികളുടെ പിഴയൊടുക്കേണ്ടതില്ല" എന്ന്... എന്നാൽ ലോകത്ത് നടക്കുന്നതെന്താണ്! തികഞ്ഞ പക്ഷപാതപരമായ നടപടികളാണ് സ്പോർട്സ് അസോസിയേഷനുകളിലും നടക്കുന്നത്. വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങളെ തുടർന്ന്.. റഷ്യൻ, ബെലാറസ് അത്‌ലറ്റുകൾ ഒളിംപിക് അസോസിയേഷനുള്ളിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ... ഗാസയിൽ വംശീയഹത്യ നടത്തുന്ന ഇസ്രയേൽ ഇപ്പോഴും സംഘടനയിൽ തടസ്സങ്ങളില്ലാതെ തുടരുകയാണ്. ഉയർന്ന ആദർശങ്ങൾ പറയുന്ന കായിക സംഘടനകൾ പലതും... അതിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മറന്ന് രാഷ്ട്രീയനേട്ടങ്ങൾക്ക് പിന്നാലെ പായുന്നതാണ് നിലവിലെ ആഗോള സാഹചര്യം.

SCROLL FOR NEXT