മുംബൈ: ടി20 ലോകകപ്പില്‍ നിര്‍ണായകമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം ടി20 ലോകകപ്പിലും സെമി ഫൈനലിൽ ഇരു ടീമുകളും മുഖാമുഖം വരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യണമെന്ന് മത്സരത്തിനു മുമ്പ് സൂര്യകുമാര്‍ പറഞ്ഞിരുന്നു. യാദൃശ്ചികമായി ആദ്യ ബാറ്റിങ് ഇന്ത്യക്കു തന്നെ ലഭിച്ചിരിക്കുകയാണ്. മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലണ്ട് സ്‌ക്വാഡില്‍ ഒരു മാറ്റമാണുള്ളത്. റെഹാന്‍ അഹമ്മദിന് പകരം ജെയ്മി ഓവര്‍ട്ടണ്‍ ടീമില്‍ ഇടംപിടിച്ചു.
മുംബൈ വാങ്ക്‌ഡേ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. വാങ്ക്‌ഡേ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നടന്ന ടി20 മത്സരങ്ങളില്‍ ഇന്ത്യ തോറ്റിട്ടില്ല എന്നതാണ് ചരിത്രം. 2016 മാര്‍ച്ചിലാണ് വാംഖഡെയില്‍ അവസാനമായി ഇന്ത്യ പരാജയപ്പെട്ടത്. 2012ല്‍ ഇന്ത്യയെ ഇവിടെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. കണക്കുകളില്‍ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കം. ടി20 ലോകകപ്പില്‍ ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയത് അഞ്ച് തവണയാണ്. ഇതില്‍ മൂന്നെണം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ ഇംഗ്ലണ്ടും ജയിച്ചു.
മിന്നും ഫോമിലുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് ടീമിന് നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്. ജോഫ്ര ആര്‍ച്ചര്‍-സഞ്ജു സാംസണ്‍ വീറുറ്റ പോരാട്ടമാണ് ഇന്നത്തെ മത്സരത്തിന്റെ പ്രധാന ഹൈലൈറ്റ്. ജസ്പ്രീത് ബുമ്ര നയിക്കുന്ന ബൗളിങ്ങില്‍ ഏത് വമ്പന്‍ ബാറ്റിംഗ് നിരയെയും പിടിച്ചുകെട്ടാം എന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ സൂര്യകുമാറിനും കൂട്ടര്‍ക്കും വെല്ലുവിളിയാകുന്നത് ചോരുന്ന കൈകളാണ്.
ഇംഗ്ലണ്ടാകട്ടെ മിന്നും ഫോമിലാണ്. ന്യൂസിലന്‍ഡിനേയും പാകിസ്ഥാനേയും ശ്രീലങ്കയേയും തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് ഹാരി ബ്രൂക്കും സംഘവും ഇന്ത്യയെ നേരിടാനെത്തുന്നത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും വില്‍ ജാക്‌സിന്റെയും പ്രകടനം ഇംഗ്ലണ്ടിന് നല്‍ക്കുന്നത് വലിയ പ്രതീക്ഷകളാണ്. ബൗളിങ്ങില്‍ ഇംഗ്ലീഷ് പടയുടെ കരുത്ത് ജോഫ്ര ആര്‍ച്ചറും സാം കറനും ആദില്‍ റഷീദുമാണ്