മുംബൈ: ടി20 ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയുടെ പവര്‍ഫുള്‍ എന്‍ട്രി. അൽപം വിയർത്തെങ്കിലും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ മാസ് എന്‍ട്രി. ഫൈനലില്‍ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.
ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യയെ അയച്ചതു തന്നെ കൗതുകമായി. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കമുണ്ടാകുമെന്ന വിലയിരുത്തല്‍ വെറുതേയായില്ല. ഇംഗ്ലണ്ടിനു മുന്നില്‍ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യയുടെ ബാറ്റര്‍മാര്‍ പടുത്തുയര്‍ത്തിയത്. കൂറ്റൻ സ്കോർ ആയിരുന്നെങ്കിലും ഇംഗ്ലണ്ടിൻ്റെ ബാറ്റർമാർക്കു മുന്നിൽ ഇന്ത്യക്ക് വെള്ളം കുടിക്കേണ്ടി വന്നു.
സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൂറ്റന്‍ സ്‌കോറിലെത്താന്‍ ഇന്ത്യക്ക് തുണയായത്. ഏഴ് സിക്‌സറുകളും എട്ട് ഫോറുകളുമായി 89 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ഇന്ത്യ നേടിയത്. 42 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സ് നേടിയത്. 25 പന്തില്‍ നിന്ന് നാല് സിക്സും ഒരു ഫോറുമടക്കം ശിവം ദുബെ 43 റണ്‍സ് നേടി. 18 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം ഇഷാന്‍ കിഷന്‍ 39 റണ്‍സ് നേടി.
വിന്‍ഡീസിനെതിരായ അതേ ടീമുമായിട്ടാണ് ഇന്ത്യ ഇന്നും ഇറങ്ങിയത്. കോച്ച് ഗൗതം ഗംഭീറിന്റെ കണക്കു കൂട്ടലുകള്‍ എവിടേയും പിഴച്ചില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്നു. 89 റണ്‍സുമായിട്ടാണ് താരം മടങ്ങിയത്.
ആദ്യ ഓവറില്‍ തന്നെ സിക്‌സും ഫോറും അടിച്ചായിരുന്നു സഞ്ജുവിന്റെ തുടക്കം. പക്ഷെ, രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയെ (9) ഇന്ത്യക്ക് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും കത്തിക്കയറിയതോടെ ഇന്ത്യയുടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു. പവര്‍പ്ലേയില്‍ 67 റണ്‍സാണ് ടീം നേടിയത്.
45 പന്തില്‍ 97 റണ്‍സാണ് സഞ്ജുവും ഇഷാനും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ആദില്‍ റഷീദ് ഇഷാനെ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്. 18 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 39 പന്താണ് ഇഷാന്‍ കിഷന്‍ നേടിയത്.
ഇഷാന് ശേഷം എത്തിയ ശിവം ദുബെയ്‌ക്കൊപ്പം ചേര്‍ന്ന് സഞ്ജു വെടിക്കെട്ട് തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് 22 പന്തില്‍ 43 റണ്‍സ് നേടി. 14ാം ഓവറില്‍ വില്‍ ജാക്‌സിന്റെ പന്തില്‍ സിക്‌സറടിക്കാനുള്ള ശ്രമം ഫില്‍ സാള്‍ട്ട് കൈയ്യിലൊതുക്കിയതോടെ സഞ്ജു പുറത്ത്.
പിന്നീട് എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് തിളങ്ങാനായില്ല. 11 റണ്‍സ് എടുത്ത് ക്യാപ്റ്റന്‍ റണ്ണൗട്ടായി. പിന്നാലെ ഏഴു പന്തില്‍ 21 റണ്‍സടിച്ച തിലക് വര്‍മയും 12 പന്തില്‍ 27 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് സ്‌കോര്‍ 250 കടത്തി.
കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടും പരമാവധി ശ്രമിച്ചു. ജേക്കബ് ബെത്തലും വില്‍ ജാക്ക്സുമാണ് തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ നഷ്ടമായിരുന്നു. 5 റണ്‍സായിരുന്നു സമ്പാദ്യം. വൈകാതെ 17 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ജോസ് ബട്ട്‌ലറെ വരുണ്‍ ചക്രവര്‍ത്തിയും പുറത്താക്കി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 68 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
നാലാമാനായി എത്തിയ ജേക്കബ് ബെത്തലാണ് ഇംഗ്ലണ്ടിന് തുണയായത്. 19 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ബെത്തല്‍ ഇന്ത്യന്‍ ബൗളര്‍മാരെ വിറപ്പിച്ചു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ബെത്തല്‍-വില്‍ ജാക്‌സ് കൂട്ടുകെട്ട് കൂറ്റനടി തുടങ്ങിയതോടെ ഇന്ത്യ ഒന്ന് പതറി. 39 പന്തില്‍ 77 റണ്‍സാണ് സഖ്യം അടിച്ചു കൂട്ടിയത്.
അവസാന മൂന്ന് ഓവറിൽ 45 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇംഗ്ലണ്ടിനെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞു വീഴ്ത്തുകയായിരുന്നുവെന്ന് പറയാം. ജസ്പ്രീത് ബൂംറയാണ് പതറി നിന്ന ഇന്ത്യയെ രക്ഷിച്ചത്. പതിനെട്ടാം ഓവറില്‍ ബൂംറ ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പത്തൊമ്പതാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ ഒമ്പത് റണ്‍സ് വഴങ്ങി സാം കറന്റെ നിര്‍ണായക വിക്കറ്റും നേടി. അവസാന പന്തെറിഞ്ഞത് ശിവം ദുബെയായിരുന്നു. ജേക്കബ് ബേത്തലിനെ ഹാര്‍ദികിന്റെ ത്രോയില്‍ സഞ്ജു റണ്ണൗട്ടാക്കി. ഒടുവില്‍ ഏഴ് റണ്‍സിന് ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ന്യൂസിലന്‍ഡ്-ഇന്ത്യ ഫൈനല്‍ പോരാട്ടം.