ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 471ന് പുറത്ത്. യശസ്വി ജയ്സ്വാളിനും ഗില്ലിനും പിന്നാലെ സെഞ്ച്വറി നേടിയ ഋഷഭ് പന്താണ് ഇന്ന് ഇന്ത്യക്ക് കരുത്തായത്. ബെൻ സ്റ്റോക്‌സും ജോഷ് ടങ്ങും 4 വിക്കറ്റ് വീതം വീഴ്ത്തി. മഴ പെയതതോടെ മത്സരം നിർത്തി വച്ചു. ഇംഗ്ലണ്ട് ഇന്നിങ്‌സ് തുടങ്ങുന്നതിന് മുൻപാണ് മഴയെത്തിയത്.
146 പന്തിലാണ് പന്ത് തന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റസ്‌മാനായും പന്ത് മാറി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്നു 209 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് പന്ത് ക്രീസ് വിട്ടത്. 178 പന്തുകള്‍ നേരിട്ട് 12 ഫോറും 6 സിക്‌സും ഉൾപ്പെടെ 134 റൺസ് താരം നേടി
ഒന്നാം ദിനത്തില്‍ ക്യാപ്റ്റനായുള്ള വരവ് ഗിൽ ആഘോഷമാക്കിയിരുന്നു. യശസ്വി ജയ്സ്വാളിനു പിന്നാലെയാണ് ഗില്ലും സെഞ്ച്വറി തികച്ച് ചരിത്രമെഴുതിയത്.ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജയ്സ്വാളും രാഹുലും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.42 റൺസെടുത്ത കെ എൽ രാഹുൽ, അരങ്ങേറ്റക്കാരനായ സായ് സുദർശൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.
രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങി പ്രധാന സീനിയർ താരങ്ങൾ വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. യുവതാരം ശുഭ്മൻ ഗിൽ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീം നായകനായി കളത്തിലെത്തിയെന്ന സവിശേഷതയും ഈ മാച്ചിനുണ്ട്. വിജയത്തോടെ പരമ്പര തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മത്സരങ്ങൾക്ക് കൂടി പരമ്പരയോടെ തുടക്കമായി.