ടെംബ ബവുമ Source: espncricinfo.com
CRICKET

സംവരണംകൊണ്ട് ടീമിലെത്തിയയാള്‍, ഉറക്കംതൂങ്ങി, പൊക്കമില്ലാത്തയാള്‍... സകല അധിക്ഷേപങ്ങളെയും ജയിച്ചാണ് ബവുമ കിരീടമണിയുന്നത്

കാലം കാത്തുവച്ച കാവ്യനീതിക്കപ്പുറം ഒരു സൗന്ദര്യമുണ്ടായിരുന്നു ലോര്‍ഡ്‌സിലെ ബവുമയുടെ പുഞ്ചിരിക്ക്.

Author : എസ് ഷാനവാസ്

2023 ഏകദിന ലോകകപ്പ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായൊരു ചിത്രമുണ്ട്. ക്യാപ്റ്റന്മാരുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ ഉറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ ആയിരുന്നു ചിത്രത്തില്‍. ഇത്രയധികം ആളുകള്‍ക്കും ക്യാമറകള്‍ക്കുമിടെ ഉറങ്ങുന്ന ക്യാപ്റ്റന്‍ എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ 'ക്രിക്കറ്റ് പ്രേമികള്‍' അന്ന് ബവുമയെ വിശേഷിപ്പിച്ചത്. 'ഞാന്‍ ഉറങ്ങുകയായിരുന്നില്ല, ക്യാമറയുടെ ആംഗിള്‍ ശരിയല്ലായിരുന്നു' എന്നൊക്കെ ബവുമ പ്രതികരിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. സെമി ഫൈനലില്‍ ഓസ്ട്രേലിയയോടു തോറ്റ് പ്രോട്ടീസ് പുറത്തായതോടെ, ബവുമ വീണ്ടും പരിഹാസശരങ്ങളേറ്റു. നിറവും ഉയരക്കുറവുമൊക്കെ എടുത്തുപറഞ്ഞുള്ള കടുത്ത അധിക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, ബവുമ എല്ലാവര്‍ക്കും മുന്നില്‍ വിജയിച്ച നായകനായിരിക്കുന്നു. 27 വര്‍ഷത്തിനുശേഷം, പ്രോട്ടീസിന് ഐസിസി ട്രോഫി സമ്മാനിച്ചവന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 10 മത്സരങ്ങളില്‍ ഒമ്പതും ജയിച്ച് റെക്കോഡ് സ്വന്തമാക്കിയ ക്യാപ്റ്റന്‍. കാലം കാത്തുവച്ച കാവ്യനീതിക്കപ്പുറം ഒരു സൗന്ദര്യമുണ്ടായിരുന്നു ലോര്‍ഡ്‌സിലെ ബവുമയുടെ പുഞ്ചിരിക്ക്.

2023 ലോകകപ്പ് കളിക്കാനിറങ്ങുമ്പോള്‍ 100 ശതമാനം ഫിറ്റായിരുന്നില്ല ബവുമ. രണ്ട് കളികള്‍ വിട്ടുനിന്നശേഷമാണ് ബവുമ കളത്തിലെത്തിയത്. തുടയിലെ ഞെരമ്പിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാതെയാണ് ബവുമ സെമി ഫൈനലിലും കളിച്ചത്. എട്ട് മത്സരങ്ങളില്‍ നിന്ന് 145 റണ്‍സ് മാത്രമായിരുന്നു ബവുമ നേടിയത്. 35 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. സെമിയില്‍ നാല് പന്ത് നേരിട്ട് റണ്‍സൊന്നും എടുക്കാതെയായിരുന്നു മടക്കം. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കിടെ, ആ മത്സരത്തിലും അയാള്‍ പരാജയപ്പെട്ടു.

സംവരണാനുകൂല്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയവന്‍, ഉറക്കം തൂങ്ങി, സ്വന്തം ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കൊപ്പം പൊക്കമില്ലാത്ത ക്യാപ്റ്റന്‍... എന്നിങ്ങനെയായിരുന്നു ബവുമയ്‌ക്കെതിരായ ട്രോളുകള്‍.

ഒരു മത്സരം തോല്‍ക്കുമ്പോള്‍, ക്യാപ്റ്റനും പ്രധാന കളിക്കാരുമൊക്കെ വിമര്‍ശിക്കപ്പെടുക പതിവാണ്. എന്നാല്‍, ബവുമ ഏല്‍ക്കേണ്ടിവന്നത് അത്തരം പരിഹാസങ്ങളേ ആയിരുന്നില്ല. നിറവും ഉയരക്കുറവുമൊക്കെ പരാമര്‍ശിച്ചുള്ള കടുത്ത അധിക്ഷേപമാണ് ബവുമ കേട്ടത്. പരിക്കോ, ശാരീരിക അവസ്ഥകളോ പരിഗണിക്കപ്പെട്ടില്ല. ടീമിന്റെ പരാജയത്തിന്റെ എല്ലാ കുറ്റങ്ങളും ബവുമയില്‍ ചാര്‍ത്തപ്പെട്ടു. ഒപ്പമുള്ള മറ്റു 10 കളിക്കാരില്‍ ഒരാളിലേക്കു പോലും അത്തരത്തിലൊരു അധിക്ഷേപം ഉയര്‍ന്നതുമില്ല. ആ വർഷം ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതൽ റൺസെടുത്ത (79.6 ശരാശരിയില്‍ 637 റണ്‍സ്) ബാറ്റര്‍ എന്ന യാഥാര്‍ഥ്യത്തെപ്പോലും മറന്നുകൊണ്ടായിരുന്നു വിമര്‍ശനങ്ങളത്രയും.

സംവരണാനുകൂല്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയവന്‍, ഉറക്കം തൂങ്ങി, സ്വന്തം ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കൊപ്പം പൊക്കമില്ലാത്ത ക്യാപ്റ്റന്‍... എന്നിങ്ങനെയായിരുന്നു ബവുമയ്‌ക്കെതിരായ ട്രോളുകള്‍. ശരിയാണ്, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ ക്വോട്ട സംവിധാനമുണ്ട്. വെള്ളക്കാരല്ലാത്ത ആറു പേർ ടീമിലുണ്ടാകണം, അതില്‍ രണ്ടു പേരെങ്കിലും ആഫ്രിക്കന്‍ കറുത്ത വര്‍ഗക്കാര്‍ ആയിരിക്കണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ നിയമം. കറുത്തവര്‍ഗക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് അതിന്റെ ഉദ്ദേശ്യം. ടീം സെലക്ഷനില്‍ മാത്രമാണ് അത് ബാധകം. അതിനപ്പുറം ലഭിക്കുന്ന പദവികള്‍ക്കെല്ലാം വ്യക്തി പ്രകടനങ്ങള്‍ മാത്രമാണ് മാനദണ്ഡം. ക്വോട്ട സംവിധാനത്തില്‍ ടീമിലെത്തിയ ബവുമ ക്യാപ്റ്റന്‍ ആയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. അത്തരമൊരു ആത്മവിശ്വാസമാണ് അഞ്ച് അടി ആറ് ഇഞ്ചുകാരന് പച്ചപ്പുല്‍ മൈതാനിയില്‍ ഊര്‍ജം പകര്‍ന്നത്. സ്വന്തം ടീമിലെ തന്നെ ഫാസ്റ്റ് ബൗളര്‍മാരുമായി തട്ടിച്ച് ക്രിക്കറ്റ് കാഴ്ചക്കാര്‍ പൊക്കം അളന്നപ്പോഴും ബവുമ തളരാതിരുന്നതും അത്തരമൊരു ഫയര്‍ ഉള്ളില്‍ ഉള്ളതുകൊണ്ടാണ്.

2021ല്‍ ക്വിന്റന്‍ ഡികോക്കില്‍ നിന്നാണ് ബവുമ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തത്. ക്വോട്ട സംവിധാനത്തെ പുശ്ചത്തോടെ കാണുന്നവരുടെ അറിവിലേക്കായി പറയാം, ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരനായ നായകന്‍ എന്ന പദവി കൂടിയാണ് ബവുമ സ്വന്തമാക്കിയത്. പ്രോട്ടീസിനുവേണ്ടി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടുന്ന കറുത്തവര്‍ഗക്കാരനും ബവുമ തന്നെ. കാലങ്ങള്‍ക്കിപ്പുറം ഒരു ഐസിസി ട്രോഫിയില്‍ ദക്ഷിണാഫ്രിക്ക മുത്തമിടുമ്പോള്‍, ബവുമ ചരിത്രം പിന്നെയും തിരുത്തിയെഴുതുകയാണ്.

27 വര്‍ഷത്തിനുശേഷം, പ്രോട്ടീസിന് ഒരു ഐസിസി ട്രോഫി സമ്മാനിക്കാന്‍ കെല്പുള്ള നായകനാകുന്നു ബവുമ. അവസാനമായി പ്രോട്ടീസ് ഒരു കപ്പ് എടുക്കുന്നത് 1998ലാണ്. ഐസിസി ചാംപ്യന്‍സ് ട്രോഫിയായി മാറിയ നോക്കൗട്ട് ട്രോഫിയാണ് അന്ന് ഹാന്‍സി ക്രോണ്യയിലൂടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. അതിനുശേഷം, ഐസിസി ടൂര്‍ണമെന്റില്‍ ആരാധകരുടെ കൂടി ഹൃദയം പൊള്ളിച്ചുകൊണ്ടാണ് പ്രോട്ടീസ് പരാജയപ്പെട്ടിരുന്നത്. ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടെ 11 തവണ സെമി ഫൈനലില്‍ തോറ്റു. 2024ല്‍ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെയും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയുമായി ദക്ഷിണാഫ്രിക്ക ടീം

96 വര്‍ഷം പഴക്കമുള്ളൊരു റെക്കോഡ് കൂടി ബവുമ ലോര്‍ഡ്സില്‍ തിരുത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 10 മത്സരങ്ങളില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഒമ്പതും ജയിച്ച ഏക ക്യാപ്റ്റനാണ് ബവുമ. ഒരു മത്സരം സമനിലയിലാണ് അവസാനിച്ചത്. 1920-21ല്‍ ഓസ്ട്രേലിയയുടെ വാര്‍മിക് ആംസ്ട്രോങ്ങിന്റെ പത്ത് മത്സരങ്ങളില്‍ എട്ട് ജയം രണ്ട് സമനില എന്ന റെക്കോഡാണ് ബവുമ തിരുത്തിയിരിക്കുന്നത്.

ഒമ്പത് ടെസ്റ്റ് ജയങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയും വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു. ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെ രണ്ടും, ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും എതിരെ ഓരോ ടെസ്റ്റുകളുമാണ് ബവുമയുടെ കീഴില്‍ പ്രോട്ടീസ് ജയിച്ചത്. ബവുമയുടെ നേട്ടത്തെ, കാലം കാത്തുവെച്ചൊരു കാവ്യനീതി എന്ന് വിളിക്കാം. അതിനുമപ്പുറം നിരന്തരം കലഹിച്ചും പോരടിച്ചും അവകാശങ്ങളും പദവികളും നേടിയെടുക്കുന്ന ജനതയുടെ പ്രതീകം എന്ന നിലയില്‍ കൂടിയാണ് ബമുവ ലോര്‍ഡ്സില്‍ വിജയകിരീടം ചൂടുന്നത്.

SCROLL FOR NEXT