ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ അപകടം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ താരങ്ങളെ കാണാന്‍ വന്‍ജനക്കൂട്ടം എത്തിയിരുന്നു. ഇതിനിടിയിലാണ് അപകടമുണ്ടായത്. ഏഴ് പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
അമ്പതിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ബോധരഹിതരായ നിരവധി പേരെ പൊലീസും ജനങ്ങളും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ബോറിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിത്തൽമല്യ റോഡിലെ വൈദേഹി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പതിനഞ്ച് പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി നേടിയ ഐപിഎല്‍ കിരീട നേട്ടം ആരാധകര്‍ ആഘോഷിച്ചിരുന്നു. ഈ വിജയാഘോഷത്തിന്റെ ഭാഗമായാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ താരങ്ങള്‍ക്ക് സ്വീകരണം ഒരുക്കിയത്.
കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് (KSCA) ടീമിന് സ്വീകരണ പരിപാടി ഒരുക്കിത്. ആയിരക്കണക്കിന് പേരാണ് സ്റ്റേഡിയത്തിനു സമീപം താരങ്ങളെ കാണാനായി എത്തിയത്.
ഇന്ന് ഉച്ച കഴിഞ്ഞാണ് ആര്‍സിബി ടീം ബെംഗളൂരുവില്‍ എത്തിയത്. പ്രമുഖരെത്തിയാണ് താരങ്ങളെ എയര്‍പോട്ടില്‍ സ്വീകരിച്ചത്. ഇതിനു ശേഷം ആരാധകരെ അഭിവാദ്യം ചെയ്ത് വിക്ടറി പരേഡ് നടത്താനായിരുന്നു പദ്ധതി.
വിജയാഘോഷത്തിന്റെ സാധ്യതകളെക്കുറിച്ചും ആവശ്യമായ ക്രമീകരണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഡിജി, ഐജിപി എം എ സലീം, ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ, ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണര്‍ എം.എന്‍ അനുചേത് എന്നിവരുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു.