CRICKET

ഈ ഐപിഎൽ സീസണിലെ ഉയർന്ന പവർപ്ലേ സ്കോർ അടിച്ചെടുത്ത് ഹൈദരാബാദ് ഓപ്പണർമാർ, വീഡിയോ!

ട്രാവിസ് ഹെഡ്-അഭിഷേക് ശർമ സഖ്യം ആറോവറിൽ അടിച്ചുകൂട്ടിയത് 84 റൺസാണ്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കൊൽക്കത്ത: 2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവുമുയർന്ന പവർപ്ലേ സ്കോർ അടിച്ചെടുത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. നേരത്തെ ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദിനെതിരെ ആർസിബി നേടിയ 72 റൺസ് നേട്ടമാണ് ഹൈദരാബാദ് മറികടന്നത്. എന്നാൽ ഈഡൻ ഗാർഡനിൽ നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മാച്ചിൽ ട്രാവിസ് ഹെഡ്-അഭിഷേക് ശർമ സഖ്യം ആറോവറിൽ അടിച്ചുകൂട്ടിയത് 84 റൺസാണ്.

കാർത്തിക് ത്യാഗി എറിഞ്ഞ ആറാം ഓവറിലെ നാലാം പന്തിൽ ട്രാവിസ് ഹെഡ് പുറത്താകുമ്പോഴേക്കും ഒന്നാം വിക്കറ്റിൽ 82 റൺസ് പിറന്നിരുന്നു. മൂന്ന് സിക്സറുകളും ആറ് ഫോറുകളും സഹിതം 21 പന്തിൽ 46 റൺസാണ് ഓസീസ് ഓപ്പണർ ഹൈദരാബാദിനായി അടിച്ചെടുത്തത്. 14 പന്തിൽ നിന്ന് 34 റൺസുമായി അഭിഷേക് ശർമയും ഫോമിലേക്ക് തിരിച്ചെത്തുന്നതിൻ്റെ സൂചന പവർപ്ലേയിൽ നൽകി.

സിംബാബ്‌വെയുടെ സ്റ്റാർ പേസർ മുസറബാനി എറിഞ്ഞ ആദ്യ ഓവറിൽ 16 റൺസാണ് ഹൈദരാബാദിൻ്റെ ഇടങ്കയ്യൻ ഓപ്പണർമാർ വാരിയത്. പിന്നാലെ വൈഭവ് അറോറ എറിഞ്ഞ രണ്ടാം ഓവറിൽ 21 റൺസും പിറന്നു. സുനിൽ നരേൻ എറിഞ്ഞ നാലാം ഓവറിൽ മൂന്ന് റൺസ് മാത്രമാണ് പിറന്നത്. എന്നാൽ വരുൺ ചക്രവർത്തി എറിഞ്ഞ അഞ്ചാം ഓവറിൽ മാത്രം 25 റൺസാണ് അഭിഷേക് ശർമ അടിച്ചെടുത്തത്. രണ്ട് കൂറ്റൻ സിക്സറുകളും മൂന്ന് ഫോറുകളും ഈ ഓവറിൽ അഭിഷേകിൻ്റെ ബാറ്റിൽ നിന്ന് പിറന്നു.

കാർത്തിക് ത്യാഗി എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ നിന്ന് പിറന്നത് 13 റൺസ് മാത്രമാണ്. നിർണായകമായ ഒരു വിക്കറ്റും താരം വീഴ്ത്തി. ഐപിഎൽ ചരിത്രത്തിൽ ഫിയർലെസ് ബാറ്റിങ്ങിൻ്റെ വക്താക്കളാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ടീമിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ പവർപ്ലേ സ്കോറായിരുന്നു ഇന്നത്തേത്. കെകെആറിൻ്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ പിറക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർപ്ലേ സ്കോർ കൂടിയായിരുന്നു ഇത്. 2024ൽ പഞ്ചാബ് കിങ്സ് അടിച്ചെടുത്ത 93/1 ആയിരുന്ന ഏറ്റവും ഉയർന്ന സ്കോർ.

Highest Powerplay totals for SRH in IPL

  • 125/0 vs DC, Delhi, 2024

  • 107/0 vs LSG, Hyderabad, 2024

  • 94/1 vs RR, Hyderabad, 2025

  • 84/2 vs PBKS, Hyderabad, 2024

  • 84/1 vs KKR, Kolkata, 2026*

SCROLL FOR NEXT