അബുദാബി: 2026 ഐപിഎൽ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് 14.20 കോടി രൂപ വീതം നൽകി രണ്ട് അൺക്യാപ്ഡ് താരങ്ങളെ ടീമിലെത്തിച്ചിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിൽ തന്നെ അൺക്യാപ്ഡ് താരങ്ങൾക്ക് ലഭിക്കുന്ന ഏറ്റവുമുയർന്ന പ്രതിഫലമാണിത്. ഇത്തവണ സഞ്ജു സാംസണെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് ചെന്നൈയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു അപ്രതീക്ഷിത നീക്കം.
ഉത്തർ പ്രദേശ് ടി20 ലീഗിൽ മികച്ച പ്രകടനം നടത്തിയ ക്രിക്കറ്റ് താരമാണ് പ്രശാന്ത് വീർ. യുപി ടി20 ലീഗിൽ മികച്ച യുവതാരത്തിനുള്ള എമർജിങ് പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരം നേടിയ ഓൾറൗണ്ടറാണ് പ്രശാന്ത് വീർ. അന്ന് ഒരു ലക്ഷം രൂപയാണ് പ്രശാന്ത് വീറിന് സമ്മാനമായി കിട്ടിയതെങ്കിൽ ഐപിഎല്ലിലേക്ക് വരുമ്പോൾ അത് കോടികളാണ്. യുപി ലീഗിലെ മികച്ച പ്രകടനത്തിന് പിന്നാലെ തന്നെ പ്രശാന്തിനെ തേടി ചെന്നൈയുടെ വിളിയെത്തി. താരം ചെന്നൈയുടെ ഐപിഎൽ ട്രയൽസിൽ പങ്കെടുത്തിരുന്നു എന്നാണ് വിവരം.
അന്ന് പ്രശാന്തിന് ക്യാഷ് പ്രൈസ് സമ്മാനിച്ചത് സിഎസ്കെയുടെ മുൻതാരവും ചിന്നതലയുമായ സുരേഷ് റെയ്ന ആയിരുന്നു. റെയ്നയുടെ റെക്കമൻഡേഷനിലാണ് താരം ചെന്നൈയിലേക്ക് വരുന്നതെന്നാണ് സൂചന. ഇന്ത്യൻ ക്രിക്കറ്റിൽ ശോഭിക്കാനിരിക്കുന്ന ഇടങ്കയ്യൻ പവർഹിറ്ററും ഇടങ്കയ്യൻ സ്ലോ ആം സ്പിന്നറുമാണ് പ്രശാന്ത്. അല്ലെങ്കിൽ ഒരു അൺക്യാപ്ഡ് താരത്തിന് ആദ്യ വരവിൽ തന്നെ 14.20 കോടി രൂപയൊക്കെ വാരിയെറിയുന്നത് മുമ്പ് കേട്ടുകേൾവിയില്ലാത്ത അസാധാരണ സംഭവമാണ്.
20 വയസ് മാത്രമാണ് പ്രശാന്ത് വീറിൻ്റെ പ്രായം. യുപി ടി20 ലീഗിൽ നോയ്ഡ കിങ്സിൻ്റെ ക്യാപ്റ്റൻ കൂടിയാണ് ഈ ചെറുപ്പക്കാരൻ. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 155.34 സ്ട്രൈക്ക് റേറ്റിൽ 320 റൺസും എട്ടു വിക്കറ്റും പ്രശാന്ത് സ്വന്തമാക്കിയിരുന്നു. ഈ പ്രകടനമാണ് ചെന്നൈ സെലക്ടർമാരുടെ ശ്രദ്ധയെ ആകർഷിച്ചത്.
രവീന്ദ്ര ജഡേജയുടെ പകരക്കാരൻ്റെ റോളിലേക്കാണ് ഈ യുവതാരത്തെ ചെന്നൈ എത്തിച്ചിരിക്കുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും സ്ഥിരതയാർന്ന പ്രകടനമാണ് പ്രശാന്ത് വീർ നടത്തുന്നത്.
രവീന്ദ്ര ജഡേജയുടെ പകരക്കാരൻ്റെ റോളിലേക്കാണ് ഈ യുവതാരത്തെ ചെന്നൈ എത്തിച്ചിരിക്കുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും സ്ഥിരതയാർന്ന പ്രകടനമാണ് പ്രശാന്ത് വീർ നടത്തുന്നത്. പത്ത് വർഷത്തിലേറെ ചെന്നൈയോടൊപ്പം സഞ്ചരിച്ച ജഡ്ഡുവിന് പകരക്കാരനാകാൻ പ്രശാന്തിന് കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സി.എസ്.കെ മാനേജ്മെൻ്റ്.
പ്രശാന്ത് വീർ - സിഎസ്‌കെ (14.20 കോടി)
കാർത്തിക് ശർമ - സിഎസ്‌കെ (14.20 കോടി)
ആഖിബ് നബി - ഡൽഹി ക്യാപിറ്റൽസ് (8.40 കോടി)
മുകുൾ ചൗധരി - ലഖ്നൗ സൂപ്പർ ജയൻ്റ്സ് (2.60 കോടി)
തേജസ്വി സിംഗ് - കെകെആർ (3 കോടി)
അശോക് ശർമ - ഗുജറാത്ത് ടൈറ്റൻസ് (90 ലക്ഷം)
കാർത്തിക് ത്യാഗി - കെകെആർ (30 ലക്ഷം)
നമൻ തിവാരി - ലഖ്നൗ സൂപ്പർ ജയൻ്റ്സ് (ഒരു കോടി)
സുശാന്ത് മിശ്ര - രാജസ്ഥാൻ റോയൽസ് (90 ലക്ഷം)
യാഷ് രാജ് പുഞ്ച - രാജസ്ഥാൻ റോയൽസ് (30 ലക്ഷം)
പ്രശാന്ത് സോളങ്കി - കെകെആർ (30 ലക്ഷം)
വിഘ്നേഷ് പുത്തൂർ - രാജസ്ഥാൻ റോയൽസ് (30 ലക്ഷം)
ശിവങ് കുമാർ - സൺറൈസേഴ്സ് ഹൈദരാബാദ് (30 ലക്ഷം)