ലോകോത്തര ബൗളര്‍മാരുടെ പന്തുകള്‍ ഒരു പതിനഞ്ചുകാരന് ഇങ്ങനെ ചറപറാ അടിച്ച് പറത്താന്‍ കഴിയുമോ? ഈ സീസണിലെ ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റര്‍മാരില്‍ ഒരാള്‍ ഈ പതിനഞ്ചുകാരനാണ്, വൈഭവ് സൂര്യവന്‍ഷി. എല്ലാ ബൗളര്‍മാരുടേയും പേടി സ്വപ്‌നം.
വൈഭവിന്റെ പ്രതിഭയെ വാനോളം പുകഴ്ത്തുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് നിരീക്ഷകന്‍ നൗമാന്‍ നിയാസ്. വൈഭവിന്റെ ദേഹത്ത് എഐ ചിപ്പ് വല്ലതും ഘടിപ്പിച്ചിട്ടുണ്ടോ എന്നാണ് തമാശരൂപേണ നൗമാന്‍ നിയാസ് ചോദിച്ചത്. വെറും പതിനഞ്ച് വയസുമാത്രമുള്ള കുട്ടിയുടെ പ്രതിഭയെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം.
"എന്തൊരു കളിക്കാരനാണവന്‍, അവിശ്വസനീയമായ പ്രകടനമാണ്... വൈഭവില്‍ വലിയ പ്രതീക്ഷയുണ്ട്... അവന്റെ ശരീരത്തില്‍ എഐ ചിപ്പ് വല്ലതും ഘടിപ്പിച്ചിട്ടുണ്ടോ"... നൗമാന്‍ നിയാസിന്റെ അത്ഭുതത്തോടെയുള്ള വാക്കുകള്‍ ഇങ്ങനെ.
ശാസ്ത്രീയമായി നോക്കിയാല്‍ പതിനെട്ട് വയസാകുമ്പോഴാണ് ഒരാളുടെ ശരീരം പൂര്‍ണ വളര്‍ച്ചയിലെത്തുന്നത്. തോളുകള്‍ വിസ്താരമുള്ളതാകുകയും പേശികള്‍ ബലപ്പെടുകയും ചെയ്യുന്നത്. സ്‌ട്രൈപ്‌സും ബൈസെപ്‌സും കരുത്താകുന്നതൊക്കെ അപ്പോഴാണ്. ഹോര്‍മോണുകളുടെയും ടെസ്റ്റോസ്റ്റിറോണിന്റെയും അളവ് ഏറ്റവും കൂടുതലായതിനാല്‍ ആ സമയത്ത് ശരീരത്തിന്റെ കരുത്ത് വര്‍ധിക്കുമെന്നും പറഞ്ഞ നിയാസ് വരും വര്‍ഷങ്ങളില്‍ വൈഭവിന്റെ കായികക്ഷമതയും പ്രകടനവും ഇനിയും മെച്ചപ്പെടുമെന്നും ചൂണ്ടിക്കാട്ടി.
2026 ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് രാജസ്ഥാന്‍ റോയല്‍സ് താരമായ വൈഭവ് സൂര്യവന്‍ഷി. 8 മത്സരങ്ങളില്‍ നിന്നായി 357 റണ്‍സാണ് താരം ഇതിനകം നേടിയത്. 234 ലാണ് താരത്തിന്റെ സ്‌ട്രൈക് റേറ്റ്.