CRICKET

ആ സമയം ഇതാ എത്തിയിരിക്കുന്നു; സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വൈഭവ് സൂര്യവന്‍ഷി

പര്യടനത്തിനുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ വൈഭവും ഉള്‍പ്പെട്ടിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതാനൊരുങ്ങി വൈഭവ് സൂര്യവന്‍ഷി. ഇന്ത്യയുടെ പുരുഷ സീനിയര്‍ ടീമിലേക്ക് വൈഭവ് ഉടന്‍ എത്തും. അയര്‍ലന്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വൈഭവ് സൂര്യവന്‍ഷിയേയും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പര്യടനത്തിനുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ വൈഭവും ഉള്‍പ്പെട്ടിട്ടുണ്ട്.

സീനിയര്‍ ടീമില്‍ ഇടം നേടിയാല്‍ പുതിയൊരു ചരിത്രമാകും വൈഭവ് എഴുതിച്ചേര്‍ക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള റെക്കോര്‍ഡാകും വൈഭവ് മറികടക്കുക. നിലവില്‍ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.

16 വയസും 250 ദിവസവും ഉള്ളപ്പോഴാണ് സച്ചിന്‍ അന്താരാഷ്ട്ര മത്സരത്തിലേക്ക് അരങ്ങേറുന്നത്. ചെറിയ പ്രായത്തില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചതിന്റെ റെക്കോര്‍ഡ് ഷെഫാലി വര്‍മയുടെ പേരിലാണ്. 15 വയസും ഏഴ് മാസവും 27 ദിവസവും ഉള്ളപ്പോഴാണ് ഇന്ത്യന്‍ വനിതാ ടീമിനായി ഷെഫാലി അരങ്ങേറുന്നത്.

രണ്ട് ടി20 മത്സരങ്ങള്‍ അടങ്ങുന്നതാണ് അയര്‍ലന്റ് പര്യടനം. ജൂണ്‍ 26 നും 28 നുമാണ് മത്സരം. ഐപിഎല്‍ അവസാനിക്കുന്നതോടെ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. അയര്‍ലന്റ് പര്യടനത്തിനു ശേഷം അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് പര്യടനവും ഇന്ത്യക്കുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനായി സീനിയര്‍ താരങ്ങളാകും പോകുക.

SCROLL FOR NEXT