Image: X
CRICKET

സീനിയര്‍ ടീമില്‍ എത്തിയെങ്കിലും വൈഭവിന് ചില ഇളവുകളുണ്ട്; പതിനഞ്ചുകാരന് ആശ്വാസമായി ബിസിസിഐ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ ബിസിസിഐയുടെ പ്രത്യേക പരിഗണന

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടംപിടിച്ച കൗമാരതാരം വൈഭവ് സൂര്യവന്‍ഷിക്ക് ബിസിസിഐയുടെ പ്രത്യേക ഇളവ്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടി20 ടീമില്‍ ഇടംപിടിച്ച വൈഭവ് സൂര്യവന്‍ഷിക്കൊപ്പം മാതാപിതാക്കള്‍ക്കും യാത്ര ചെയ്യാം. സ്‌പോര്‍ട്‌സ്റ്റാറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുടുംബത്തിന്റെ സാന്നിധ്യം അന്താരാഷ്ട്ര ക്രിക്കറ്റിന്റേയും യാത്രയുടേയും സമ്മര്‍ദങ്ങളുമായി പൊരുത്തപ്പെടാന്‍ പതിനഞ്ചുകാരനായ വൈഭവിനെ സഹായിക്കുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ അയര്‍ലന്‍ഡിലേക്കും ഇംഗ്ലണ്ടിലേക്കുമുള്ള യാത്രയില്‍ മാതാപിതാക്കളേയും ഒപ്പം കൂട്ടാന്‍ തീരുമാനിച്ചതായി ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ പറഞ്ഞു.

കുടുംബത്തിന്റെ മുഴുവന്‍ ചെലവും വഹിക്കുക ബിസിസിഐ ആയിരിക്കും. നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ശ്രീലങ്കയില്‍ ത്രിരാഷ്ട്ര സീരീസിന് പോയിരിക്കുകയാണ് വൈഭവ്.

സീനിയര്‍ ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്തിയത് പ്രതീക്ഷ നല്‍കുന്നതായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രതികരിച്ചിരുന്നു. ഐപിഎല്ലിലെ ഗംഭീര പ്രകടനമാണ് വൈഭവിന്റെ പ്രവേശനം എളുപ്പമാക്കിയതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ച വൈഭവ് 237.30 സ്‌ട്രൈക് റേറ്റില്‍ 776 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും.

ഇന്ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് പുതിയ ടി20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവിനെ മാറ്റി ശ്രേയസ് അയ്യര്‍ക്ക് ക്യാപ്റ്റന്‍ പദവി നല്‍കി. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവിന് ടീമില്‍ പോലും ഇടം ലഭിച്ചിട്ടില്ല. അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്.

വൈഭവ് സൂര്യവന്‍ഷിക്കു പുറമെ, പ്രിന്‍സ് യാദവാണ് ടീമില്‍ ഉള്‍പ്പെട്ട പുതുമുഖ താരം. സഞ്ജു സാംസണ്‍ ടീമില്‍ തുടരും. യുകെ പര്യടനത്തിനുള്ള ടീമില്‍ വിശ്രമം അനുവദിച്ച ജസ്പ്രിത് ബുംറ ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഇടം നേടി. ശുഭ്മാന്‍ ഗില്ലും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

യുകെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവന്‍ഷി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയ്, ജസ്പ്രിത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.

SCROLL FOR NEXT