കൊൽക്കത്ത: ടി20 ക്രിക്കറ്റിൽ വിസ്മയം തീർക്കുകയാണ് വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരൻ ബിഹാറി പയ്യൻ. പതിമൂന്നാം വയസ്സിൽ ഐപിഎല്ലിൽ അരങ്ങേറി രണ്ട് വർഷം പോലും പിന്നിടും മുമ്പ് ടി20 ഫോർമാറ്റിൽ മൂന്ന് സെഞ്ച്വറികളാണ് വൈഭവ് സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്. കരിയറിൽ ആകെ 16 ടി20കളാണ് വൈഭവ് സൂര്യവംശി ഇതേവരെ കളിച്ചത്. സയ്ദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് വൈഭവ്. ടി20യിലെ മൂന്നാം സെഞ്ച്വറി നേടുമ്പോൾ സൂര്യവംശിയുടെ പ്രായം 14 വർഷവും 250 ദിവസവുമാണ്.
ചൊവ്വാഴ്ച ഈഡൻ ഗാർഡനിൽ മഹാരാഷ്ട്രയ്ക്കെതിരെ നടന്ന മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. 61 പന്തിൽ നിന്ന് 108 റൺസെടുത്ത വൈഭവിൻ്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് ടീം മോശമല്ലാത്ത സ്കോർ പടുത്തുയർത്തിയത്. വൈഭവിൻ്റെ ഇന്നിങ്സിൽ ഏഴ് സിക്സറുകളും എഴ് ബൗണ്ടറികളും ഉൾപ്പെടും.
20ാം ഓവറിലാണ് അർഷിൻ കുൽക്കർണിയെ ഫോറടിച്ച് സെഞ്ച്വറി നേടിയത്. 58 പന്തിൽ നിന്നാണ് വൈഭവ് സെഞ്ച്വറി നേടിയത്. ജലജ് സക്സേന, വിക്കി ഒസ്ത്വാൾ എന്നീ ക്വാളിറ്റിയുള്ള സ്പിന്നർമാർ ഉൾപ്പെട്ട ടീമിനെതിരെയാണ് വൈഭവിൻ്റെ പ്രകടനമെന്നത് ശ്രദ്ധേയമാണ്. 37 പന്തുകളിൽ നിന്നാണ് വൈഭവ് ആദ്യം ഫിഫ്റ്റി നേടിയത്.
നേരത്തെ ദോഹയിൽ നടന്ന റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിൽ യുഎഇക്കെതിരെ മത്സരത്തിലും വെടിക്കെട്ട് സെഞ്ച്വറിയാണ് വൈഭവ് നേടിയത്. 32 പന്തിൽ നിന്നാണ് വൈഭവ് റെക്കോർഡ് സെഞ്ച്വറി നേടിയത്. 42 പന്തിൽ നിന്ന് 144 റൺസാണ് ഇന്ത്യ എ ടീമിലെ ഓപ്പണർ വാരിയത്. 243.87 സ്ട്രൈക്ക് റേറ്റിൽ 59.75 ആവറേജിൽ ഏഷ്യ കപ്പിൽ 239 റൺസാണ് വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്.
12ാം വയസിൽ രഞ്ജി ട്രോഫിയിൽ ബിഹാറിനായി അരങ്ങേറിയിരുന്നുവെങ്കിലും താരം ശ്രദ്ധ നേടിയത് രാജസ്ഥാൻ റോയൽസ് ഐപിഎൽ ടീമിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു. കഴിഞ്ഞ ഐപിഎൽ സീസണിൽ 206.55 സ്ട്രൈക്ക് റേറ്റിൽ 252 റൺസാണ് താരം നേടിയത്.
ആദ്യ സെഞ്ച്വറി ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഗുജറാത്ത് ടൈറ്റൻസിനെതിരെ ആയിരുന്നു. അന്ന് 38 പന്തിൽ നിന്ന് 101 റൺസെടുത്ത താരം ടൂർണമെൻ്റിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറി സ്വന്തം പേരിൽ ചേർത്തിരുന്നു.
അതേസമയം, ഓസ്ട്രേലിയക്കെതിരെ അണ്ടർ 19 ടെസ്റ്റ് പരമ്പരയിലും 78 പന്തിൽ നിന്ന് വൈഭവ് സൂര്യവംശി സെഞ്ച്വറിയടിച്ചിരുന്നു. അണ്ടർ 19 വിഭാഗത്തിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറിയായിരുന്നു ഇത്.
അണ്ടർ 19 ടെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ: വൈഭവ് സൂര്യവംശി (13 വയസ്സ് 187 ദിവസം)
ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ: വൈഭവ് സൂര്യവംശി (14 വയസ്സ് 32 ദിവസം)
ടി20കളിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ: വൈഭവ് സൂര്യവംശി (14 വയസ്സ് 32 ദിവസം)
അണ്ടർ 19 ഏകദിനങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ: വൈഭവ് സൂര്യവംശി (14 വയസ്സ് 100 ദിവസം)
സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ: വൈഭവ് സൂര്യവംശി (14 വയസ്സ് 250 ദിവസം)
3 - വൈഭവ് സൂര്യവംശി (15 ഇന്നിംഗ്‌സ്)
3 - അഭിഷേക് ശർമ (34 ഇന്നിംഗ്‌സ്)
2 - ആയുഷ് മാത്രെ (10 ഇന്നിംഗ്‌സ്)
2 - ഇഷാൻ കിഷൻ (16 ഇന്നിംഗ്‌സ്)