വൈഭവ് സൂര്യവംശി Image: X
CRICKET

മാര്‍ച്ചില്‍ 15 വയസ് പൂര്‍ത്തിയാകും; വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റം ഈ വര്‍ഷം

വൈഭവിന്റെ പ്രായമായിരുന്നു ദേശീയ ടീമില്‍ അരങ്ങേറാന്‍ സാങ്കേതിക തടസ്സമായി ഉണ്ടായിരുന്നത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ പ്രതീക്ഷിക്കുന്ന അരങ്ങേറ്റം ഈ വര്‍ഷം നടക്കാന്‍ സാധ്യത. വൈഭവ് സൂര്യവംശി ഐസിസി ചട്ടം ഈ വര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ ഇന്ത്യന്‍ ടീമിലെത്തിയേക്കും. 2025ല്‍ ഇന്ത്യയുടെ പുത്തന്‍ താരോദയമായിരുന്നു പതിനാലുകാരന്‍ വൈഭവ് സൂര്യവംശി.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും അണ്ടര്‍ 19 ടീമിലും തിളങ്ങിയ താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തിന് ബിസിസിഐക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊക്കെ ഈ വര്‍ഷം അറുതിവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വൈഭവിന്റെ പ്രായമായിരുന്നു ദേശീയ ടീമില്‍ അരങ്ങേറാന്‍ സാങ്കേതിക തടസ്സമായി ഉണ്ടായിരുന്നത്. 2020ല്‍ ഐസിസി പുറത്തിറക്കിയ ചട്ടപ്രകാരം സീനിയര്‍ തലത്തില്‍ കളിക്കണമെങ്കില്‍ താരങ്ങള്‍ക്ക് 15 വയസ് തികയണമെന്നാണ് നിയമം. അല്ലെങ്കില്‍ ഐസിസിയുടെ പ്രത്യേക ഇളവ് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഈ വര്‍ഷം 15 വയസ് തികയുന്ന വൈഭവിനെ അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ കാണാനായേക്കും. മാര്‍ച്ച് 27നാണ് വൈഭവിന് 15 വയസ് പൂര്‍ത്തിയാകുന്നത്.

ഐപിഎല്ലില്‍ ലോകോത്തര താരങ്ങളെ അതിര്‍ത്തി കടത്തിയാണ് വൈഭവ് റണ്‍വേട്ടയ്ക്ക് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടത്. പരിക്കേറ്റ സഞ്ജു സാംസണിന് പകരക്കാരനായി കളത്തിലെത്തിയ താരം ആദ്യ പന്ത് ഗ്യാലറിയിലേക്കെത്തിച്ചാണ് തുടങ്ങിയത്. ഐപിഎല്ലില്‍ രാജസ്ഥാനായി 7 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയുള്‍പ്പെടെ 206.55 സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സാണ് താരം അടിച്ചെടുത്തത്. അണ്ടര്‍-19 ഏഷ്യാകപ്പിലും ആഭ്യന്തര ക്രിക്കറ്റിലും ഫോം തുടരുകയാണ് കുട്ടിതാരം.

കളിച്ച എല്ലാ ടൂര്‍ണമെന്റിലും റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ക്രിക്കറ്റിലെ താരത്തിന്റെ അസാധാരണ നേട്ടങ്ങള്‍ പരിഗണിച്ച് കുട്ടികള്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബാലപുരസ്‌കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നേടിയാണ് കൗമാരതാരം വൈഭവ് സൂര്യവന്‍ഷി 2025 അവസാനിപ്പിച്ചത്.

ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അണ്ടര്‍ 19 ഏകദിന പരമ്പരയില്‍ ക്യാപ്റ്റാനായാണ് വൈഭവ് തുടങ്ങുക. പിന്നാലെ അണ്ടര്‍ 19 ട്വന്റി 20 ലോകകപ്പും താരത്തിന് മുന്നിലുണ്ട്.

SCROLL FOR NEXT