വിജയ് ഹസാരെ ട്രോഫിയിൽ അതിവേഗ സെഞ്ച്വറികളുമായി സാകിബുൾ ഗാനി, ഇഷാൻ കിഷൻ, വൈഭവ് സൂര്യവൻഷി 
CRICKET

ലോക റെക്കോർഡ് പെരുമഴ! ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ദിവസം മൂന്ന് അതിവേഗ സെഞ്ച്വറികൾ; വൈഭവ് സൂര്യവൻഷിയേയും ഇഷാൻ കിഷനേയും പിന്നിലാക്കി ബിഹാർ നായകൻ!

വിജയ് ഹസാരെ ട്രോഫിയിൽ ബിഹാർ ഓപ്പണറായ വൈഭവ് അരുണാചൽ പ്രദേശിനെതിരെ 84 പന്തിൽ 190 റൺസെടുത്താണ് പുറത്തായത്.

Author : ന്യൂസ് ഡെസ്ക്

റാഞ്ചി: 2025-26ലെ വിജയ് ഹസാരെ ട്രോഫിയുടെ ഉദ്ഘാടന ദിനം രണ്ട് റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ ചേർത്ത് വൈഭവ് സൂര്യവൻഷി. വിജയ് ഹസാരെ ട്രോഫിയിൽ ബിഹാർ ഓപ്പണറായ വൈഭവ് അരുണാചൽ പ്രദേശിനെതിരെ 84 പന്തിൽ 190 റൺസെടുത്താണ് പുറത്തായത്. 15 സിക്സറുകളും 16 ഫോറുമാണ് വൈഭവിൻ്റെ ബാറ്റിൽ നിന്ന് പിറന്നത്.

ലിസ്റ്റ് എ ഏകദിന ഫോർമാറ്റിൽ പുതിയ ലോക റെക്കോർഡാണ് ബിഹാർ സൃഷ്ടിച്ചത്. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 574 റൺസാണ് ബിഹാർ അടിച്ചെടുത്തത്. 2022ൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്‌നാട് നേടിയ 506/2 എന്ന ലോക റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

അതേസമയം, ലിസ്റ്റ് എ ഏകദിന ടൂർണമെൻ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. വെറും 36 പന്തിലാണ് വൈഭ് സെഞ്ചറി തികച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയാണിത്.

അതേസമയം, സൂര്യവംശിയെ പിന്നിലാക്കി ഇന്ന് ബിഹാറിൻ്റെ ക്യാപ്റ്റനായ സാകിബുൾ ഗാനി ലിസ്റ്റ് എ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കി. 32 പന്തിലാണ് ഗാനിയുടെ അതിവേഗ സെഞ്ച്വറി പിറന്നത്. ഇന്ന് തന്നെ 33 പന്തിൽ സെഞ്ച്വറിയുമായി ജാർഖണ്ഡ് താരം ഇഷാൻ കിഷൻ ഈ എലൈറ്റ് ലിസ്റ്റിൽ രണ്ടാമതെത്തി.

2024ൽ അരുണാചലിനെതിരെ 35 പന്തിൽ സെഞ്ചറി നേടിയ പഞ്ചാബിൻ്റെ അൻമോൾപ്രീത് സിങ്ങിൻ്റെ പേരിലാണ് ഈ വിഭാഗത്തിലുള്ള റെക്കോർഡ്. 40 പന്തിൽ സെഞ്ച്വറി നേടിയ യൂസഫ് പഠാൻ, 41 പന്തിൽ സെഞ്ച്വറി നേടിയ ഉർവിൽ പട്ടേൽ, 42 പന്തിൽ സെഞ്ചറി നേടിയ അഭിഷേക് ശർമ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ്, ഏകദിന ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 150 റൺസ് എന്ന റെക്കോർഡും തകർത്തു. 64 പന്തില്‍ 150 റണ്‍സടിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡാണ് വൈഭവ് തകർത്തത്.

14കാരനായ സൂര്യവൻഷി ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറിയെന്ന റെക്കോർഡ് തകർക്കുമെന്ന് തോന്നിച്ചെങ്കിലും അരുണാചൽ പ്രദേശിനെതിരെ 190 റൺസിന് പുറത്തായിരുന്നു.

SCROLL FOR NEXT