ബെംഗളൂരു ദുരന്തം, വിരാട് കോഹ്ലി Source: Bengaluru Stampede, Virat Kohli/ X
CRICKET

ബെംഗളൂരു ദുരന്തം: കോഹ്‌ലിക്കെതിരെ പൊലീസില്‍ പരാതി; എക്‌സില്‍ ട്രെന്‍ഡിങ്ങായി #ArrestKohli ഹാഷ്ടാഗ്

അപകടം നടന്നതിന് പിന്നാലെ കോഹ്‌ലി ലണ്ടണിലേക്ക് പോയതും ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരുവില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ആര്‍സിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ പരാതി. കബ്ബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ആക്ടിവിസ്റ്റായ എച്ച്.എം. വെങ്കടേഷ് എന്നയാളാണ് കോഹ്‌ലിക്കെതിരെ പരാതി നല്‍കിയത്.

ഈ പരാതിയും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരാതികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കോഹ്‌ലിക്കെതിരായ ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്. അറസ്റ്റ് കോഹ്‌ലി (#arrestkohli) എന്ന ഹാഷ്ടാഗാണ് ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്നത്.

നേരത്തെ പുഷ്പ 2 വിന്റെ സ്‌ക്രീനിങ്ങിനിടെ ഹൈദരാബാദിലെ തിയേറ്ററില്‍ ആളുകള്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിച്ചിരുന്നു. ഈ സംഭവത്തില്‍ അല്ലു അര്‍ജുന്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യവുമുണ്ടായിരുന്നു. ഇതടക്കം ഓര്‍മിപ്പിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ കോഹ് ലിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

അപകടം നടന്നതിന് പിന്നാലെ കോഹ്‌ലി ലണ്ടണിലേക്ക് പോയതും ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോഹ്‌ലിയും ആര്‍സിബിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു എന്നല്ലാതെ ഒന്നും ചെയ്തില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്. അപകടം നടന്നതുകൊണ്ടല്ല ആഘോഷ പരിപാടിയുടെ സമയക്രമം 10 മിനുട്ടിലേക്ക് ചുരുക്കിയതെന്നും അത് കോഹ്‌ലിക്ക് ലണ്ടണില്‍ പോകേണ്ടതുകൊണ്ടാണെന്നും വിമര്‍ശനമുയരുന്നുണ്ട്.

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആര്‍സിബി ഐപിഎല്ലില്‍ കപ്പ് നേടുന്നത്. എന്നാല്‍ കപ്പിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ വിജയാഘോഷം ദുരന്തമായി മാറുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക് പറ്റി. എന്നാല്‍ ഇത്രയും വലിയ ദുരന്തം നടന്നപ്പോഴും അകത്ത് പരിപാടി തുടര്‍ന്നതാണ് വിമര്‍ശനത്തിന് കാരണമായത്.

ഇതിന് പിന്നാലെ ഐപിഎല്‍ ക്ലബ്ബായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും സംഘാടകരായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റിനുമെതിരെ കര്‍ണാടക പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി തടഞ്ഞിരുന്നു. കെഎസ്സിഎ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് ചോദ്യം ചെയ്ത് ആര്‍സിബി മാര്‍ക്കറ്റിംഗ് ഹെഡ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

SCROLL FOR NEXT