CRICKET

ലണ്ടനില്‍ പോകാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് വേണമെന്ന് വിരാട് കോഹ്ലി ആവശ്യപ്പെട്ടോ? പ്രതികരിച്ച് താരം

തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞാണ് താരത്തിന്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

'ഇടയ്ക്കിടയ്ക്ക് ലണ്ടന്‍ വരെ ഒന്നു പോണം, അതിന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് വേണം. ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ മൂന്ന് ദിവസത്തെ ഇടവേളയുണ്ടെങ്കില്‍ ലണ്ടനില്‍ പോയി മത്സരത്തിന് തൊട്ടു മുമ്പേ തിരിച്ചു വരൂ'... ഐപിഎല്‍ ടീമായ ആര്‍സിബിക്ക് മുന്നില്‍ വിരാട് കോഹ്ലി വെച്ച ആവശ്യം എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയാണിത്. ഇതിന് വിരാട് കോഹ്ലി തന്നെ ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ ആവശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് കോഹ്ലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയത്. തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞാണ് താരത്തിന്റെ പ്രതികരണം.

മാര്‍ച്ച് 28 ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആദ്യ മത്സരം.

ക്രിക്കറ്റ് തിരക്കുകളില്‍ നിന്ന് മാറി വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും മക്കള്‍ക്കൊപ്പം ലണ്ടനിലാണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ താരങ്ങളുടെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇതിനിടയിലാണ് ഐപിഎല്‍ തുടങ്ങാനിരിക്കേ വിരാട് കോഹ്ലിയെ കുറിച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.യ

ലണ്ടനില്‍ താരങ്ങള്‍ സ്ഥിര താമസമാക്കിയോ എന്നതില്‍ ഔദ്യോഗിക വിശദീകരണങ്ങളില്ല. സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന താര ദമ്പതികള്‍ ഈ വാര്‍ത്തകളോടും പ്രതികരിച്ചിട്ടില്ല. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ലണ്ടനിലേക്ക് മടങ്ങിയ കോലി, ഐപിഎല്‍ 2026ന് മുന്നോടിയായി മാര്‍ച്ച് 18നാണ് ഇന്ത്യയിലെത്തിയത്.

SCROLL FOR NEXT