കൊൽക്കത്ത: ടി20 ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ നിന്ന് ആദ്യ വിജയം നേടി രണ്ട് തവണ ലോക ജേതാക്കളായ വെസ്റ്റ് ഇൻഡീസ്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ 35 റൺസിനാണ് വിൻഡീസ് തറ പറ്റിച്ചത്.
ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ സ്കോട്ട്‌ലൻഡ് എതിരാളികളെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് ഷിമ്രോൺ ഹെറ്റ്മെയറുടെ (36 പന്തിൽ 64) തകർപ്പൻ അർധസെഞ്ച്വറിയുടെ കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. ഹെറ്റ്മെയർ തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്.
മറുപടിയായി സ്കോട്ട്‌ലൻഡ് 18.5 ഓവറിൽ 147ന് ഓൾഔട്ടായി. ഹാട്രിക് ഉൾപ്പെടെ അഞ്ച് വിക്കറ്റെടുത്ത റൊമാരിയോ ഷെപ്പോർഡാണ് വിൻഡീസ് ബൗളർമാരിൽ തിളങ്ങിയത്. മൂന്നോവറിൽ 20 റൺസ് മാത്രം വഴങ്ങിയാണ് ഷെപ്പേർഡിൻ്റെ തട്ടുപൊളിപ്പൻ പ്രകടനം.