വനിതാ പ്രീമിയർ ലീഗ് Source: X/ WPL
CRICKET

വനിതാ പ്രീമിയർ ലീഗ്: വൻ പണക്കിലുക്കം, 2026, 2027 സീസണുകളിലെ സ്പോൺസർഷിപ്പിനായി മത്സരിച്ചവരിൽ ആഗോള ഭീമന്മാരായ വൻകിട കമ്പനികളും

വനിതാ പ്രീമിയർ ലീഗ് (WPL) വാണിജ്യപരമായി ഗണ്യമായ വളർച്ച കൈവരിക്കുന്നതിൻ്റെ സൂചനകളാണ് കാണാനാകുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വനിതാ പ്രീമിയർ ലീഗിൻ്റെ 2026, 2027 സീസണുകളിലേക്കുള്ള പുതിയ സ്പോൺസർഷിപ്പ് നേടാനായി മത്സരിച്ചെത്തിയവരിൽ ആഗോള ഭീമന്മാരായ വൻകിട കമ്പനികളും. പുതുക്കിയ സ്പോൺസർഷിപ്പ് കരാറിലൂടെ ചാറ്റ്ജിപിടിയും കിംഗ് ഫിഷർ പാക്കേജ്‌ഡ് ഡ്രിങ്കിംഗ് വാട്ടറും അടുത്ത രണ്ട് പതിപ്പുകളിൽ വനിതാ പ്രീമിയർ ലീഗിൻ്റെ പ്രീമിയർ പങ്കാളികളാകും.

അടുത്ത രണ്ട് സീസണുകളിലേക്കായി ബിസിസിഐക്ക് മൊത്തം 48 കോടി രൂപയുടെ പുതിയ സ്പോൺസർഷിപ്പ് കരാറുകൾ ലഭിക്കുന്നതോടെ വനിതാ പ്രീമിയർ ലീഗ് (WPL) വാണിജ്യപരമായി ഗണ്യമായ വളർച്ച കൈവരിക്കും. ഈ കരാറുകൾ ലീഗിൻ്റെ വർധിച്ചുവരുന്ന ബ്രാൻഡ് മൂല്യത്തേയും പ്രമുഖ ഇന്ത്യൻ, ആഗോള കമ്പനികൾക്കിടയിൽ അതിന് വർധിച്ചുവരുന്ന ആകർഷണത്തേയുമാണ് അടിവരയിട്ട് സൂചിപ്പിക്കുന്നത്.

ദീർഘകാലമായി ടീമിനെ പിന്തുണയ്ക്കുന്ന 'സിയറ്റ്' ഇക്കുറിയും സ്ട്രാറ്റജിക് ടൈം ഔട്ട് പാർട്ണർ എന്ന സ്ഥാനം പുതുക്കിയിട്ടുണ്ട്. ലീഗിൻ്റെ ആദ്യ സീസൺ മുതൽ സിയറ്റ് വനിതാ പ്രീമിയർ ലീഗുമായുള്ള ബന്ധം തുടരുന്നുണ്ട്. കൂടാതെ വനിതാ പ്രീമിയർ ലീഗിനുള്ളിലെ ഉപഭോക്തൃ-ബ്രാൻഡ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ബിസ്‌ലേരി പുതിയ ബിവറേജ് പാർട്ണറായും ചേർന്നിട്ടുണ്ട്.

പുതുക്കിയ വാണിജ്യ പട്ടികയിൽ ഇപ്പോൾ ടാറ്റ ഗ്രൂപ്പ് മുഖ്യ സ്പോൺസറായി തുടരുന്നുണ്ട്. കൂടാതെ സിന്‍ടെക്സും ഹെർബലൈഫും, പുതിയ പങ്കാളികളായ ചാറ്റ്ജിപിടി, കിംഗ് ഫിഷർ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ എന്നിവയ്‌ക്കൊപ്പം പ്രീമിയർ പങ്കാളികളായി തുടരുന്നുണ്ട്.

ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രമുഖ ബ്രാൻഡുകൾ കാണിക്കുന്ന ആത്മവിശ്വാസം വനിതാ പ്രീമിയർ ലീഗിൻ്റെ അതിവേഗത്തിലുള്ള വാണിജ്യ വളർച്ചയെ ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബിസിസിഐ പ്രസിഡൻ്റ് മിഥുൻ മൻഹാസ് പ്രസ്താവിച്ചു. ഇന്ത്യയിലെ വനിതാ ക്രിക്കറ്റിനായുള്ള വിശാലമായ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനും ആരാധകരുടെ ഇടപെടൽ വർധിപ്പിക്കുന്നതിനും പുതിയ പങ്കാളികൾ വൈവിധ്യമാർന്ന ശക്തികൾ കൊണ്ടുവരുമെന്ന് ബിസിസിഐ ഓണററി സെക്രട്ടറി ദേവജിത് സൈകിയ കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ വനിതാ കായികരംഗത്തെ പുനർനിർവചിക്കുന്ന പ്രവർത്തനം വനിതാ പ്രീമിയർ ലീഗ് തുടരുകയാണെന്ന് ചെയർപേഴ്‌സൺ ജയേഷ് ജോർജ് പറഞ്ഞു. പുതുക്കിയതും പുതിയതുമായ സ്പോൺസർഷിപ്പുകൾ ഇന്ന് ലീഗിൻ്റെ വളർച്ചയെ കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT