സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് എടുത്തത് ആഘോഷിക്കുന്ന ലുങ്കി എങ്കിഡി Source: X / ICC
CRICKET

WTC Final 2025 RSA vs AUS| ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കി കംഗാരുപ്പട; ഓസീസിന് 218 റണ്‍സ് ലീഡ്

ആദ്യ ദിനം മുതല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്ട്രേലിയയുടെ ആധിപത്യമാണ് കാണാന്‍ സാധിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കി ഓസ്ട്രേലിയ. ഒന്നാം ഇന്നിങ്സില്‍ 138 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. 74 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസ് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. ഇതോടെ നിലവിലെ ചാംപ്യന്മാരുട ലീഡ് 218 റണ്‍സായി.

ആദ്യ ദിനം മുതല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്ട്രേലിയയുടെ ആധിപത്യമാണ് കാണാന്‍ സാധിക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 56.4 ഓവറില്‍ 212 റണ്‍സിനാണ് പുറത്തായത്. നാലിന് 43 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സില്‍ കളി അവസാനിപ്പിച്ചത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസർ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ആദ്യ ദിനം ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നിഷേധിച്ചത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസീസിനേക്കാള്‍ 169 റണ്‍സിന് പിന്നിലായിരുന്നു ദക്ഷിണാഫ്രിക്ക.

രണ്ടാം ദിനം ആറ് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 45 റണ്‍സുമായി ഡേവിഡ് ബെഡിങ്ങാം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. നായകന്‍ ടെംബ ബവുമയുമായി ചേർന്ന് 64 റൺസാണ് ബെഡിങ്ങാം കൂട്ടിച്ചേർത്തത്. ഇവരുടെ മികവില്‍ ആദ്യ സെഷനിൽ മെച്ചപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കയ്ക്ക് അത് ഇന്നിങ്സില്‍ ഉടനീളം തുടരാനായില്ല. ഉച്ചഭക്ഷണത്തിന് പിരിയും മുന്‍പ് ദക്ഷിണാഫ്രിക്കയെ 27 ഓവറുകളിൽ 78 റൺസിലേക്ക് ചുരുക്കിയ ഓസീസ് പേസർമാർ ഒരു വിക്കറ്റും വീഴ്ത്തി. 36 റണ്‍സെടുത്ത ടെംബ ബവുമയുടെ വിക്കറ്റാണ് വീണത്. പാറ്റ് കമ്മിന്‍സിനായിരുന്നു വിക്കറ്റ്.

ആറ് വിക്കറ്റുകളാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഒന്നാം ഇന്നിങ്സില്‍ വീഴ്ത്തിയത്. ടെംബ ബവുമയ്ക്ക് പിന്നാലെ ഡേവിഡ് ബെഡിങ്ങാം (45), കൈൽ വെറിൻ (13), മാർക്കോ ജൻസൻ (0), കാഗിസോ റബാദ (1) എന്നിവരും കമ്മിന്‍സിനു മുന്നില്‍ കീഴടങ്ങി. റബാദയുടെ വിക്കറോടെ പാറ്റ് കമ്മിന്‍സ് ടെസ്റ്റില്‍ 300 വിക്കറ്റുകള്‍ തികച്ചു.

74 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓസ്‌ട്രേലിയ, രണ്ടാം ദിനം അവസാനിക്കുമ്പോള്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 73ന് ഏഴ് എന്ന നിലയില്‍ ഓസീസ് പതറിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരെയും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്നാണ് സ്കോർ ഉയർത്തിക്കൊണ്ടുവന്നത്. എട്ടാം വിക്കറ്റില്‍ 51 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. 43 റണ്‍സെടുത്ത ശേഷമാണ് കാരെ പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദയും ലുങ്കി എങ്കിഡിയും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം നഥാന്‍ ലിയോണാണ് ക്രീസില്‍.

SCROLL FOR NEXT