ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടാനാകാത്തതില്‍ നിരാശ പ്രകടിപ്പിച്ച് കരുണ്‍ നായര്‍. ചീവ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് കഴിഞ്ഞ ദിവസം 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ശുഭ്മാന്‍ ഗില്‍ തന്നെയാകും നയിക്കുക. കരുണിന് പകരം ദേവ്ദത്ത് പടിക്കല്‍ ടീമില്‍ ഇടംനേടി.
കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങാനാകാത്തതാണ് കരുണ്‍ നായര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍, ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും നിരാശയുണ്ടെന്നും കരുണ്‍ നായര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
'എന്താണ് പറയേണ്ടതെന്ന് അറിയില്ല, സെലക്ഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. മറുപടി പറയുക ബുദ്ധിമുട്ടാണ്. കൂടുതലൊന്നും പറയാനില്ലെന്ന് കരുണ്‍ നായര്‍ പറഞ്ഞു. എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് സെലക്ടര്‍മാരോട് ചോദിക്കുന്നതാകും നന്നാകുക എന്നും കരുണ്‍ നായര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ മറ്റാരും തിളങ്ങാതിരുന്ന സമയത്താണ് താന്‍ അര്‍ധ സെഞ്ച്വറി നേടിയത്. ടീമിനു വേണ്ടി സംഭാവന നല്‍കിയിട്ടുണ്ടെന്നാണ് താന്‍ കരുതിയത്. പ്രത്യേകിച്ച് ഇന്ത്യ ജയിച്ച അവസാന മത്സരത്തില്‍. പക്ഷെ, അത് അങ്ങനെയാണ്. അതൊന്നും പ്രശ്‌നമല്ല. കരുണ്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് പരമ്പരയില്‍ കരുണ്‍ നായര്‍ നിരാശപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം അജിത് അഗാര്‍ക്കര്‍ തുറന്നു പറഞ്ഞിരുന്നു. കരുണ്‍ നായരില്‍ നിന്ന് ശക്തമായ പ്രകടനമാണ് പ്രതീക്ഷിച്ചിരുന്നത് എന്നായിരുന്നു അഗാര്‍ക്കറിന്റെ പ്രതികരണം.
പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്നായി ആകെ 205 റണ്‍സ് മാത്രമാണ് കരുണിന് നേടാനായത്. അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതു മാത്രമാണ് താരത്തിന്റെ എടുത്തു പറയാവുന്ന ഏക പ്രകടനം.
വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍)
യശസ്വി ജയ്‌സ്വാള്‍
കെ.എല്‍ രാഹുല്‍
സായ് സുദര്‍ശന്‍
ദേവദത്ത് പടിക്കല്‍
ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍)
രവീന്ദ്ര ജഡേജ (വിസി)
വാഷിങ്ടണ്‍ സുന്ദര്‍
ജസ്പ്രീത് ബുംറ
അക്ഷര്‍ പട്ടേല്‍
നിതീഷ് കുമാര്‍ റെഡ്ഡി
എന്‍.ജഗദീശന്‍
മുഹമ്മദ് സിറാജ്
പ്രസിദ് കൃഷ്ണ
കുല്‍ദീപ് യാദവ്.